കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർ മാത്രം അന്വേഷിച്ചാൽ പാലം നിർമാണത്തിലെ അഴിമതി പുറത്ത് കൊണ്ടുവരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന പി.എം.ആർ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. ഇതേ കമ്പനി ഏറ്റെടുത്ത ഉള്ളൂർ കടവ് പാലത്തിന്റെ നിർമ്മാണത്തിൽ വ്യാപകമായ പരാതികൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പാലം നിർമ്മാണത്തിന് ആവശ്യമായ യാതൊരു സഞ്ജീകരണവും ഇല്ലാത്ത പി.എം.ആർ പോലുള്ള കമ്പനിക്ക് ഇത്ര വലിയ പ്രവർത്തി ലഭിച്ചതെങ്ങനെ എന്നും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ അപകടത്തിനുള്ള ഉത്തരവാദിത്വത്തിൽ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും, കരാർ കമ്പനിയും മന്ത്രി റിയാസും തമ്മിലുള്ള ബന്ധവും അന്വേഷണ വിധേയമാക്കണമെന്നും ജയ്കിഷ് ആവശ്യപ്പെട്ടു.