അരിക്കുളം: ഇന്ത്യൻ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി ആർ പി എഫ് താരം അബിത അനിൽകുമാറിനെ തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. കാരയാട് തിരുവങ്ങായൂർ ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്നും ഇന്ത്യൻ കായിക താരമായി മാറിയ അബിതയുടെ നേട്ടം കേരളത്തിന് തന്നെ അഭിമാനകരമാണെന്ന് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ ചെയർമാൻ ശിവൻ എലവന്തിക്കര പറഞ്ഞു. തിരുവങ്ങായൂർ ദേശത്തിൻ്റെ പെൺകരുത്തു കൂടിയായ അബിതയുടെ കഠിനാധ്വാനവും നേട്ടവും ഭാവി തലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഖിലേന്ത്യാ പോലീസ് കായിക മേള അടക്കമുള്ള വിവിധ മത്സരങ്ങൾക്കുള്ള പരിശീലനത്തിനായി രാജസ്ഥാനിലെ അജ്മീറിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അബിത. അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി ഉപഹാരം കൈമാറി. ചാരിറ്റബിൾ സെൻ്റർ ചീഫ് കോ ഓർഡിനേറ്റർ ഹാഷിം കാവിൽ, കെ എം അമ്മദ് ഹാജി, പി കെ മുഹമ്മദ് റാഷിദ്, ബീരാൻ കുട്ടി ഹാജി എന്നിവർ പങ്കെടുത്തു.