അരിക്കോട്: വടശ്ശേരി ഹൈസ്ക്കൂളിലെ കുഞ്ഞുശാസ്ത്രജ്ഞരുടെ ‘ഇലക്ട്രോണിക്ക് വടി’ക്ക് ദേശീയാംഗീകാരം. രാജ്യത്തെ സ്കൂൾ വിദ്യാർഥികളുടെ കണ്ടെത്തൽ അവതരിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പരിപാടിയായ ദേശീയ വിദ്യഭ്യാസ മന്ത്രാലയത്തിൻ്റെ സ്കൂൾ ഇന്നൊവേഷൻ മാരത്തണിലാണ് കേരളത്തിലെ അരിക്കോട് വടശ്ശേരി ജി.എച്ച് എസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഭിഷേക് പി, നിഹാൽ വി പി, സാദിൻ മുഹമ്മദ് സുബൈർ എന്നിവരുടെ ‘ഇലക്ട്രോണിക് വടി’ ആശയത്തിന് അംഗീകാരം ലഭിച്ചത്. തെരുവുനായ ഓടിയടുത്താൽ കല്ലെടുത്തെറിയണോ, അതോ ഓടി രക്ഷപ്പെടണോ? സംശയത്തിന് ലളിതമായ ഉത്തരമുണ്ട് വടശേരി ജിഎച്ച്എസ്എസ് സ്കൂളിലെ ഈ വിദ്യാർഥികൾക്ക്. ‘ഇലക്ട്രോണിക് വടി’യെടുത്ത് തെരുവുനായയെ തുരത്താമെന്നാണ് പത്താംക്ലാസ് വിദ്യാർഥികളായ ഈ മിടുക്കർ പറയുന്നത്. ഇലക്ട്രോണിക് സർക്യൂട്ട് ഘടിപ്പിച്ച വടിയിൽനിന്ന് അൾട്രാസോണിക് ശബ്ദം പുറത്തുവരും. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ശബ്ദം മൃഗങ്ങൾ തിരിച്ചറിയും. ഇത് തെരുവുനായ്ക്കൾക്ക് അരോചകമാകും. വടിയിലൂടെ ചെറിയ ഇലക്ട്രിക് ഷോക്കും കട്ടിയുള്ള ലൈറ്റും മൃഗങ്ങൾക്ക് അരോചകമായ ഗന്ധവും പുറപ്പെടുവിച്ച് പ്രതിരോധിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഒരുലക്ഷത്തിലധികം ആശയത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 27 എണ്ണത്തിലാണ് കേരളത്തിൽ 4 സ്കൂളുകളുടെ ആശയം തിരെഞ്ഞെടുക്കപ്പെട്ടതിൽ ഏക ഗവർമെൻ്റ് വിദ്യാലയമായി വടശ്ശേരി ഗവ:ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഈ കുഞ്ഞുപ്രതിഭകൾ യോഗ്യത നേടിയത്.
ഫിസിക്‌സ് അധ്യാപകൻ ചേളന്നൂർ സ്വദേശി കൊടുന്താളി പ്രഗിത്തിൻ്റെ കീഴിലായിരുന്നു ഈ കുഞ്ഞു ശാസ്ത്രജ്ഞൻമാരുടെ ഗവേഷണം. ദേശീയ വിദ്യാഭ്യാസ മന്ത്രാലയം, അടൽ ഇന്നൊവേഷൻ മിഷൻ, ഇന്നൊവേഷൻ സെൽ, നീതി ആയോഗ് എന്നിവ സംയുക്തമായാണ് മാരത്തൺ സംഘടിപ്പിച്ചത്. അംഗീകാരം ലഭിച്ചതോടെ 50,000 രൂപയുടെ സ്കോളർഷിപ്പ് ലഭിക്കും. പ്രോട്ടോടൈപ്പ് നിർമാണത്തിനും, പേറ്റന്റ് സമർപ്പണത്തിനും സംരംഭകത്വത്തിനുമുള്ള സാമ്പത്തിക സഹായവും ഇതിൻ്റെ ഭാഗമായി ലഭിക്കും. ഡൽഹിയിൽ നടന്ന എൻ.ഇ.പി സെലിബ്രേഷൻ 2025 പരിപാടിയിൽ വിദ്യാർഥികളെയും ടീം മെൻ്റർ പ്രഗിത്തിനെയും അഭിഷേക് പി, നിഹാൽ വി പി, സാദിൻ മുഹമ്മദ് സുബൈർ, എന്നിവരെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നോവേഷൻ ഡയറക്ടർ യോഗേഷ് ബ്രഹ്മാൻകറിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ‘ഇലക്ട്രോണിക് വടി’യുടെ പ്രവർത്തനം ശ്രദ്ധ പിടിച്ചു പറ്റി. ഈ കുട്ടികളുടെ പ്രൊജക്റ്റ് ഒരു വ്യവസായ ഉത്പന്നമാക്കി മാറ്റാനുള്ള പരിശീലനവും ഇവർക്കു നോയ്ഡയിലെ ഗാൽഗോട്ടിയ യൂണിവേഴ്സിറ്റിയിൽ വെച്ചു ലഭിച്ചു.