‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയിനിന്റെ ഭാഗമായുള്ള ജനകീയ ശുചീകരണ പരിപാടിക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. കൊയിലാണ്ടി ബപ്പൻകാട് വെച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി. പ്രജില സി ഉദ്ഘാടനം ചെയ്തു. ക്ലീൻ സിറ്റി മാനേജർ ശ്രീ. രാജീവൻ കെ.സി അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സർക്കുലർ അനുസരിച്ച്, ജൂലൈ 19 മുതൽ നവംബർ 1 വരെ നീണ്ടുനിൽക്കുന്ന ഈ സമ്പൂർണ്ണ ശുചീകരണ പ്രവർത്തനം എല്ലാ മാസവും നടക്കും. നിർദ്ദേശങ്ങൾ പ്രകാരം, എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ച സ്കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തും. കൂടാതെ, എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച പൊതുയിട ശുചീകരണവും നടത്തും.
‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയിനിന്റെ തുടർച്ചയായാണ് ഈ ജനകീയ ശുചീകരണം ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.