കൊയിലാണ്ടി ഹാര്‍ബറിന്റെ വടക്ക്, തെക്ക് ഭാഗത്തെ പുലിമുട്ടുകള്‍ ശക്തമായ കടലാക്രമണത്തില്‍ അപകടകരമാം വിധം താഴുന്നത് ഹാര്‍ബറിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നു. വടക്കും തെക്കുമുള്ള രണ്ട് പുലിമുട്ടുകളാണ് ഹാര്‍ബറിന്റെ പ്രധാന ഘടകം. ഇതില്‍ വടക്കെ പുലിമൂട്ടിന് ഒന്നര കിലോമീറ്ററും,തെക്ക് ഭാഗത്തേതിന് 900 മീറ്ററുമാണ് നീളം. നടുക്കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പുലിമുട്ടിന്റെ കല്ലുകള്‍ ശക്തമായ കടല്‍ ക്ഷോഭത്തില്‍ താഴുന്നത് സ്വാഭാവികമാണ്. വര്‍ഷാവര്‍ഷം കൂറ്റന്‍ പാറക്കല്ലുകള്‍ നിക്ഷേപിച്ചോ, ടെട്രോപാഡുകള്‍ ഉപയോഗിച്ചോ പുലിമുട്ട് ബലപ്പെടുത്തി കൊണ്ടിരിക്കണം. കൊയിലാണ്ടി ഹാര്‍ബറില്‍ വടക്കെ പുലിമുട്ടും, തെക്കെ പുലിമുട്ടും പുനരുദ്ധരിക്കാന്‍ 10 കോടി രൂപയുടെ പദ്ധതിയാണ് ഹാര്‍ബര്‍ എഞ്ചിനിയറിംങ്ങ് വകുപ്പ് മുന്നോട്ട് വെക്കുന്നതെന്ന് ഹാര്‍ബര്‍ എഞ്ചിനിയറിംങ്ങ് അസി.എക്സിക്യുട്ടീവ് എഞ്ചിനിയര്‍ എം.എസ്.രാകേഷ് പറഞ്ഞു.
പുലിമുട്ട് താഴ്ന്നു പോയാല്‍ അത് വഴി കടല്‍ വെളളം ഹാര്‍ബറിനകത്തേക്ക് മറിയും. ഇത് ഹാര്‍ബറിന്റെ നാശത്തിന് തന്നെ കാരണമാകും. പുലിമുട്ട് പുനരുദ്ധാരണത്തിന് ആവശ്യമായ ഭീമന്‍ കല്ലുകള്‍ ലഭിക്കാത്തത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കരിങ്കല്‍ ക്വാറികളില്‍ നിന്ന് പരിമിതമായ എണ്ണത്തിലെ ഇവ ലഭിക്കുന്നുളളു. അത് ഹാര്‍ബറിലെത്തിക്കാന്‍ കടമ്പകളെറേയാണ്. ഇതിന് പരിഹാരമായിട്ടാണ് ടെട്രോപാഡുകള്‍ ഉപയോഗിക്കുന്നത്. പുലിമുട്ടുകള്‍ക്ക് ബലക്ഷയം സംഭവിച്ചാല്‍ ഹാര്‍ബര്‍ ബെയ്സിലേക്ക് കടല്‍ കയറും. ഇതോടെ മണ്ണും ചെളിയും അടിഞ്ഞു കൂടി ഹാര്‍ബര്‍ ബെയ്സിലെ ആഴം കുറയും. ആഴം കുറഞ്ഞാല്‍ ഹാര്‍ബറിനുളളിലേക്ക് ബോട്ടുകള്‍ക്ക് കയറാന്‍ കഴിയാതാവും.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തീരദേശ പാത പുനരുദ്ധരിക്കാന്‍ 10 കോടി രൂപയുടെ പദ്ധതിയാണ് ഹാര്‍ബര്‍ എഞ്ചിനിയറിംങ്ങ് വകുപ്പ് തയ്യാറാക്കിയത്. റോഡ് തകര്‍ച്ച കാരണം ഹാര്‍ബറിലേക്ക് മല്‍സ്യ തൊഴിലാളികളും മറ്റ് യാത്രക്കാരും വളരെ പ്രയാസത്തോടെയാണ് വരുന്നത്.മേജര്‍ ഇറിഗേഷന്‍ വകുപ്പ് കടല്‍ ഭിത്തി പുനരുദ്ധരിച്ചാലെ തീരപാതയുടെ നിര്‍മ്മാണം നടത്താന്‍ കഴിയുകയുളളു. കടല്‍ ഭിത്തി സംരക്ഷണത്തിന് നേരത്തെ അനുവദിച്ച ആറ് കോടിയ്ക്ക് പുറമേ മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്ന് മറ്റൊരു ഏഴ് കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടന്നൊണ് കാനത്തില്‍ ജമീല എം എല്‍ എയുടെ ഓഫീസ് അറിയിച്ചത്.