കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അയ്യഞ്ചാണ്ട് ശമ്പളപരിഷ്കരണ നടപടി അട്ടിമറിക്കാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.എസ്.ഉമാശങ്കര്‍ പറഞ്ഞു. 2024 ജുലൈ 1 മുതല്‍ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം 13 മാസം പിന്നിട്ടിട്ടും കമ്മീഷനെ പോലും നിയമിക്കാത്ത സര്‍ക്കാര്‍ നടപടി സംസ്ഥാന ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള എന്‍.ജി.ഒ അസോസിയേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് കമ്മറ്റി മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നിരന്തരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ ഓരോന്നായി ഇടതുമുന്നണി സർക്കാർ കഴിഞ്ഞ 9 വർഷമായി കവര്‍ന്നെടുത്തുക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ ഒരിക്കല്‍ പോലും പ്രതികരിക്കാത്ത ഭരണാനുകൂല സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ പണിമുടക്ക് ഇരട്ടത്താപ്പാണ്. ദേശീയ പണിമുടക്ക് ദിവസം സർക്കാർ ഓഫീസിൽ ജോലിക്ക് ഹാജരായവരെ ആക്രമിച്ചത് സർവീസ് സംഘടനകളുടെ ആശയ പാപ്പരത്ത തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായ്‌വേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്ര.മെമ്പർ ബിനു കോറോത്ത്, സംസ്ഥാന കമ്മിറ്റിയംഗം വി. പ്രതീഷ് ജില്ലാ ട്രഷറർ ഷാജിവ് കുമാർ എം ഷീബ എം, സജീവൻ പൊറ്റക്കാട്, പങ്കജാഷൻ എം, രജീഷ് കുമാർ ഇ.കെ, പ്രോലാൽ, അനിൽകുമാർ മരക്കുളം, ദിജീഷ് കുമാർ ടി, ഗീത പി.ടി എന്നിവർ പ്രസംഗിച്ചു.