കൊയിലാണ്ടി: വയനാട് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം കൊയിലാണ്ടി നഗരസഭയിലെ നടേരി വലിയ മലയില്‍ സ്ഥാപിക്കുന്നതില്‍ ഒരു നടപടിയും മുന്നോട്ട് നീങ്ങിയില്ല. വെറ്റിനറി സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കാന്‍ പത്ത് കോടി രൂപയുടെ പദ്ധതി സര്‍വ്വകലാശാല അധികൃതര്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തില്ല. നബാര്‍ഡ് മുഖേന പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുമെന്നായിരുന്നു സര്‍വ്വകലാശാലാധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനുള്ള നടപടികളും ഒന്നുമായില്ല.
വലിയ മലയില്‍ സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ നാല് ഏക്കര്‍ ഭൂമി കൊയിലാണ്ടി നഗരസഭ കൈമാറിയിട്ടുണ്ട്. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയാണ് സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഭൂരേഖ ഏറ്റുവാങ്ങിയത്. വടക്കന്‍ കേരളത്തിലെ മുഴുവന്‍ ക്ഷീര കര്‍ഷകര്‍ക്കും അറിവ് പകരുന്ന ഗവേഷണ വിജ്ഞാന വ്യാപന കേന്ദ്രമായിരിക്കും വലിയ മലയില്‍ സ്ഥാപിതമാകുകയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഭൂരേഖ ഏറ്റുവാങ്ങി കൊണ്ട് പ്രഖ്യാപനം നടത്തിയിരുന്നു.
സര്‍ക്കാര്‍ ഫണ്ട് ലഭിച്ചാല്‍ ഉപ കേന്ദ്രത്തിന്റെ പ്രവൃത്തി ടെണ്ടര്‍ ചെയ്തു തുടങ്ങാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ക്കും വേണ്ടത്ര താല്‍പ്പര്യം ഉണ്ടായില്ല. വലിയ മലയിലേക്ക് റോഡ് സൗകര്യം ഉള്‍പ്പടെയുളള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി കൊയിലാണ്ടി നഗരസഭ 50 ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. വെറ്റിനറി സര്‍വ്വകലാശാലയ്ക്ക് വിട്ടു കൊടുത്ത സ്ഥലത്തിന് ചുറ്റു മതില്‍ നിര്‍മ്മിക്കണം.
മൃഗ സംരക്ഷണ ക്ഷീര വികസനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍, യുവാക്കള്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കുന്ന കേന്ദ്രമായിരിക്കും തുടക്കത്തില്‍ വലിയ മലയില്‍ ആരംഭിക്കുകയെന്ന് വെറ്റിനറി സര്‍വ്വകലാശാല അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. വെറ്റിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പാലക്കാട് ജില്ലയിലെ തിരുവാഴം കുന്നില്‍ കന്നുകാലി ഗവേഷണ കേന്ദ്രം, തൃശൂര്‍ തുമ്പൂര്‍മുഴിയില്‍ കന്നുകാലി പ്രജനന കേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണൂത്തി, പൂക്കോട് കാമ്പസുകളില്‍ കന്നുകാലി, ആട്, പന്നി, കാട, താറാവ് ഫാമുകള്‍ ഉണ്ട്. പൂക്കോട് കാമ്പസില്‍ എമു ഫാമുമുണ്ട്.