ഇന്ത്യയിലെ വിദ്യാഭ്യാസ പദ്ധതികൾ നിയന്ത്രിക്കാൻ ആർഎസ്എസിന്റെ നാഗപൂർ കാര്യാലയം തിരക്കഥകൾ തയ്യാറാക്കുകയാണെന്നും അത് വിദ്യാർത്ഥി കൂട്ടായ്മയിലൂടെ പ്രതിരോധിക്കുമെന്നും എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ പ്രഖ്യാപിച്ചു. ഈ മാസം 23, 24, 25 തീയതികളിലായി നാദാപുരത്ത് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മതനിരപേക്ഷ ഇന്ത്യ യുദ്ധവിരുദ്ധ ലോകം എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമം – സ്റ്റുഡൻ്റ് വാൻഗാർഡ് – കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെ സംഘടന പ്രതിരോധിക്കും. മതേതരത്വത്തെയും ജനാധിപത്യത്തെയും അട്ടിമറിക്കാനും മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളെ അടിസ്ഥാനമായി സ്വീകരിച്ച് ഭൂരിപക്ഷ മത വിശ്വാസികളുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നത്. മതത്തെ ഉപയോഗിച്ച് അധികാരം നിലനിർത്താനുള്ള ശ്രമത്തെ ജനാധിപത്യ വിശ്വാസികളും മതേതര വിശ്വാസികളും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി വൈശാഖ് അധ്യക്ഷനായിരുന്നു. പ്രശസ്ത കവിയും പ്രഭാഷകനുമായ എം എം സചീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, അഡ്വ. പി ഗവാസ്, ബി ദർശിത്ത്, ആർ സത്യൻ, അജയ് ആവള, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, ഹരികൃഷ്ണ, ശ്രേയ ബാബു, ഇ.കെ അജിത്ത്, അഡ്വ. സുനിൽമോഹൻ, അക്ഷയ് പി ടി എന്നിവർ സംസാരിച്ചു.