കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് സമീപത്ത് നിന്നാണ് പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കുളള പ്രധാന വഴി. ഈ വഴിയിലൂടെ റെയില്‍വേ പാതയും കടന്നാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുക.
ദേശീയപാതയോരത്ത് സ്‌കൂളിലേക്കുള്ള വഴി തുടങ്ങുന്നിടത്താണ് മഴക്കാലത്ത് സ്ഥിരമായി വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയുളളത്. റോഡരിക് മണ്ണിട്ട് ഉയര്‍ത്താത്തതിനാല്‍ ഇവിടെ സ്ഥിരമായി ചെളിവെള്ളം കെട്ടി നില്‍ക്കും. ക്വാറി അവശിഷ്ടം നിക്ഷേപിച്ച് താഴ്ന്ന ഭാഗം മണ്ണിട്ട് ഉയര്‍ത്തിയാല്‍ വെള്ളക്കെട്ടിന് പരിഹാരമാകും. ഇതിനായി സ്‌കൂള്‍ അധികൃതരും പി ടി എ ഭാരവാഹികളും മുട്ടാത്ത വാതിലുകളില്ല. കൊയിലാണ്ടി നഗരസഭാധികൃതര്‍ മനസ്സ് വെച്ചാല്‍ ഒരു ലോഡ് ക്വാറി വെയിസ്റ്റ് ഇവിടെ തള്ളാം. എന്നാല്‍ ദേശീയപാതാധികൃതരാണ് ഇത് ചെയ്യേണ്ടതെന്ന് പറഞ്ഞ് നഗരസഭ കൈമലര്‍ത്തുകയാണ്. വെള്ളക്കെട്ടിന് പരിഹാരം തേടി ജില്ലാ കലക്ടര്‍ക്കും ദേശീയപാതാധികൃതര്‍ക്കും സ്‌കൂള്‍ അധികാരികള്‍ നേരിട്ട് പരാതി നല്‍കിയിരുന്നു. എന്നിട്ടും ഫലമുണ്ടായിട്ടില്ല.
കനത്ത മഴ പെയ്യുമ്പോള്‍ ഇവിടെ മുട്ടറ്റം വെള്ളം ഉയരും ഇത് കടന്നു വേണം കുട്ടികളും അധ്യാപകരും സ്കൂളിലെത്താൻ. മലിന ജലം ചവിട്ടി വൈകീട്ട് വരെ സ്‌കൂളില്‍ ചെലവഴിക്കേണ്ട കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. റോഡരികിലെ വെള്ളക്കെട്ട് കാരണം കുട്ടികളും മറ്റ് കാല്‍നടയാത്രികരും തിരക്ക് പിടിച്ച റോഡിന് നടുവിലൂടെയാണ് യാത്ര ചെയ്യേണ്ടി വരുന്നത്. ഇത് വലിയ അപകട സാധ്യതയും ഉണ്ടാക്കുന്നു.