തീരമേഖലയില്‍ മ്ലാനത, ഇനി ട്രോളിംങ്ങ് നിരോധന കാലം

/

കൊയിലാണ്ടി: അഞ്ച് മാസമായി കടലോരം നിശ്ചലമാണ്. ട്രോളിംങ്ങ് നിരോധനം കൂടിയാവുമ്പോള്‍ ഇനി ഒന്നര മാസം കൂടി കഴിഞ്ഞാലെ തീരമേഖലയില്‍ ആളനക്കം ഉണ്ടാവുകയുളളു. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ട്രോളിംങ്ങ് നിരോധന കാലത്തും പണിയ്ക്ക് പോകാമെങ്കിലും ഊറ്റിയെടുത്ത കടലില്‍ ഇനിയെന്തുണ്ടാവും-ചെറിയമങ്ങാട് സ്വദേശി മണി ചോദിക്കുന്നു. ജൂണ്‍ മാസമായാല്‍ സാധാരണ മത്സ്യമേഖല ഉണരേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും കടല്‍ക്ഷോഭവും കാരണം മീന്‍പിടുത്തതിന് നിയന്ത്രണമുണ്ടായിരുന്നു. അതിനാൽ മാസങ്ങളായുളള ഇവരുടെ ദുരിതജീവിതം തുടരുകയാണ്. വരുമാനം നിലച്ചതോടെ മത്സ്യതൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വിദ്യാലയങ്ങള്‍ തുറന്നതോടെ കുട്ടികളുടെ പഠനം, ബാങ്ക് വായ്പ തിരിച്ചടവ്, നിത്യനിദാന ചെലവ് എന്നിവയെല്ലാം പ്രതിസന്ധിയിലാണ്. കൊയിലാണ്ടി മേഖലയില്‍ കുറച്ചു പേര്‍ക്ക് മാത്രം പോകാവുന്ന ചെറുവള്ളങ്ങള്‍ നാനൂറോളം വരുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കിലുളളത്. വന്‍കിട യന്ത്ര വല്‍കൃത ബോട്ടുകള്‍ക്കാണ് മണ്‍സൂണ്‍ കാലത്ത് ട്രോളിംങ്ങ് നിരോധനമുളളത്. ഇത്തരം മുപ്പതോളം ബോട്ടുകളാണ് കൊയിലാണ്ടിയില്‍ ഉളളത്. പുതിയാപ്പ,ബേപ്പൂര്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചാണ് വലിയ ബോട്ടുകള്‍ ഉളളത്.

മീന്‍ ലഭ്യത കുറഞ്ഞതാണ് മത്സ്യമേഖലയ്ക്ക് വലിയ തിരിച്ചടിയായത്. ഇരട്ട നെറ്റ് ചൈന വല ഉപയോഗിച്ചും ലൈറ്റടിച്ചുളള മീന്‍ പിടുത്തവും കാരണം കടലില്‍ മീനുകള്‍ അനുദിനം കുറഞ്ഞു വരികയാണ്. ഇരട്ട വല ഉപയോഗിച്ച് അടിത്തട്ടിലെയും ഉപരിതലത്തിലെയും മീനുകള്‍ കോരിയെടുക്കുകയാണ്. ചെറിയ കുഞ്ഞുങ്ങളെ പോലും വെറുതെ വിടില്ല. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് സാധാരണ കൂടുതല്‍ കോള് ലഭിക്കുന്ന സീസണ്‍. എന്നാല്‍ ഇപ്പോഴത്തെ നില കണ്ടാല്‍ ഇനിയങ്ങോട്ടുളള മാസങ്ങളിലും പ്രതീക്ഷിക്കാന്‍ വക കാണുന്നില്ലെന്ന് മത്സ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വി.എം.രാജീവന്‍ പറഞ്ഞു. കടലില്‍ മത്സ്യസമ്പത്ത് വന്‍തോതില്‍ കുറഞ്ഞതോടെ രാത്രികാല മീന്‍പിടുത്തത്തിന് വര്‍ഷങ്ങളായി കൊയിലാണ്ടിയില്‍ വിലക്കുണ്ട്. കൊയിലാണ്ടിയിലെ മത്സ്യതൊഴിലാളികള്‍ കൂട്ടായി എടുത്ത തീരുമാനത്തെ തുടര്‍ന്നാണ് രാത്രികാല മീന്‍പിടുത്തം ഒഴിവാക്കിയത്. രാത്രികാലങ്ങളില്‍ മീന്‍ പിടിച്ചു കൊണ്ടുവരുന്ന വള്ളങ്ങളെ ഹാര്‍ബറില്‍ അടുപ്പിക്കാനും അനുവദിക്കാറില്ല. എന്നാല്‍ കോഴിക്കോടു നിന്നുളള ചില ബോട്ടുകാരെത്തി വിലക്ക് മറികടന്ന് രാത്രികാല മീന്‍പിടുത്തം നടത്തുന്നതാണ് മത്സ്യസമ്പത്ത് ഈ വിധം കുറയാന്‍ ഇടയാക്കിയതെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. മംഗലാപുരത്ത് നിന്നും വരുന്ന ചില ബോട്ടുകളും രാത്രികാല മീന്‍പിടുത്തം ഇപ്പോഴും തുടരുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ ഫിഷറീസ് വകുപ്പ് കര്‍ശന നടപടികള്‍ എടുത്തെങ്കിലെ മത്സ്യസമ്പത്ത് കൂടുകയുള്ളു. രാത്രികാല പെട്രോളിംങ്ങ് ശക്തമാക്കണം. മാത്രവുമല്ല രാത്രി മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ നിരീക്ഷിക്കാനും നടപടി വേണം. കടലിലെ പാറക്കെട്ടുകള്‍ക്കുള്ളിലും മറ്റും വിശ്രമിക്കുന്ന മീനുകളെ പ്രത്യേക തരം ലൈറ്റടിച്ചു ആകര്‍ഷിച്ച ശേഷം ഇരട്ട നെറ്റ് ഉപയോഗിച്ച് പിടിക്കുന്നതാണ് ലൈറ്റ് ഫിഷിംങ്ങ് രീതി. ഇത് വലിയ തോതില്‍ മീനുകള്‍ കുറയാന്‍ ഇടയാക്കുന്നതായി കൊയിലാണ്ടി നഗരസഭ കൗണ്‍സിലറും ഹാര്‍ബര്‍ ഏകോപന സമിതി സെക്രട്ടറയുമായ കെ.കെ.വൈശാഖ് പറഞ്ഞു. പല തൊഴിലാളികളും വീടിന്റെ ആധാരം ബാങ്കുകളില്‍ പണയപ്പെടുത്തിയാണ് വായപയെടുത്ത് വള്ളങ്ങളും മത്സ്യ ബന്ധന ഉപകരണങ്ങളും വാങ്ങിയത്. വരുമാനം കുറഞ്ഞതോടെ ബാങ്കിലെ വായ്പ തിരിച്ചടവ് താളം തെറ്റി. പത്തോളം തവണകള്‍ കുടിശ്ശികയായവര്‍ കടലോരത്തുണ്ട്. വായ്പാ തിരിച്ചടവിനായി ബാങ്കുകാര്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി വരുന്നത് തൊഴിലാളികള്‍ക്ക് ദുരിതത്തിന്റെ ആഘാതം കൂട്ടുന്നു.

മുമ്പൊക്കെ മത്സ്യ തൊഴിലാളികള്‍ക്ക് സബ്ബ് സിഡി മണ്ണെണ്ണ കൃത്യമായി ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സബ്ബ് സിഡി മണ്ണെണ്ണ തീരെ കിട്ടുന്നില്ല. പലരും കരിഞ്ചന്തയില്‍ നിന്ന് അമിത വില നല്‍കിയാണ് മണ്ണെണ്ണ വാങ്ങുന്നത്. മത്സ്യലഭ്യതയിലെ കുറവ് അനുബന്ധ മേഖലയിലാകെ തിരിച്ചടിയാവുകയാണ്. മീന്‍ ലേലത്തിനെടുക്കുന്ന കച്ചവടക്കാര്‍, മീന്‍ കൊണ്ടു പോകുന്ന വണ്ടിക്കാര്‍, മത്സ്യ വ്യാപാരികള്‍ എന്നിവരെല്ലാം തിരിച്ചടി നേരിടുകയാണ്. നിയമ വിരുദ്ധ മീന്‍പിടുത്തത്തിന് തടയിടാന്‍ ഫിഷറീസ് വകുപ്പ് എല്ലാ നടപടികളും എടുക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ചെറിയ മത്സ്യകുഞ്ഞുങ്ങളെ പിടിച്ചാല്‍ കര്‍ശന നടപടികളെടുക്കുന്നുണ്ട്. രാത്രികാല പെട്രോളിംങ്ങ് ട്രോളിംങ്ങ് നിരോധന ദിവസങ്ങളില്‍ ശക്തമാക്കും.

Leave a Reply

Your email address will not be published.

Previous Story

കളിക്കാൻ ആഗ്രഹമുള്ളവർക്കിവിടെ കളിക്കാം; പള്ളി പരിസരത്ത് വോളിബോൾ സൗകര്യമൊരുക്കാൻ വികാരിയച്ചന്റെ ഇടപെടൽ

Next Story

ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു

Latest from Koyilandy

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

കോഴിക്കോട് റൂറൽ പോലീസിന്റെയും സി എസ് ടി മോണിറ്ററി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു

ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വിദ്യാർത്ഥി യൂണിയനും ചേലിയ യുവജന ഗ്രന്ഥശാലയും വായന പക്ഷാചരണവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു.

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ കാവിക്കൊടി പ്രതിഷ്ഠിക്കാനുള്ള ഗവർണറുടെ ശ്രമത്തെ പ്രതിരോധിക്കും: എ അധിൻ

ഇന്ത്യയിലെ വിദ്യാഭ്യാസ പദ്ധതികൾ നിയന്ത്രിക്കാൻ ആർഎസ്എസിന്റെ നാഗപൂർ കാര്യാലയം തിരക്കഥകൾ തയ്യാറാക്കുകയാണെന്നും അത് വിദ്യാർത്ഥി കൂട്ടായ്മയിലൂടെ പ്രതിരോധിക്കുമെന്നും എ ഐ എസ്

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള അന്തരിച്ചു

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി

കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി