കൊയിലാണ്ടി: ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച വെങ്ങളം ഉയര പാത (ഫ്‌ളൈ ഓവര്‍) ഗതാഗതത്തിനായി തുറന്നു കൊടുത്തെങ്കിലും കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിലൂടെ ഫ്‌ളൈ ഓവര്‍ വഴി കടന്നുവരുന്ന വാഹനങ്ങള്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയ്ക്ക് സമീപം വീണ്ടും ഗതാഗത കുരുക്കിലമരുന്ന അവസ്ഥ. വെങ്ങളത്ത് നിന്നും തിരുവങ്ങൂര്‍ ഭാഗത്തേക്കുളള സര്‍വ്വീസ് റോഡിലേക്കാണ് ബൈപ്പാസിലൂടെ അമിത വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ വന്നിറങ്ങുന്നത്. ഈ ദിശയില്‍ തന്നെ കോഴിക്കോട് നഗരത്തില്‍ നിന്ന് എലത്തൂര്‍ കോരപ്പുഴ പാലം കടന്നു വരുന്ന ബസ്സുകളും ലോറികളും ഉള്‍പ്പടെയുളള വാഹനങ്ങളും സര്‍വ്വീസ് റോഡിലൂടെയാണ് യാത്ര ചെയ്യുക. ബൈപ്പാസിലൂടെയും കോഴിക്കോട് എലത്തൂര്‍ കൊയിലാണ്ടി റോഡിലൂടെയും ഒരേസമയം കടന്നുവരുന്ന വാഹനങ്ങളെ ഉള്‍ക്കൊള്ളാനുളള വീതി സര്‍വ്വീസ് റോഡിനില്ല. ഇതു കാരണം തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനടുത്തു വരെ സര്‍വ്വീസ് റോഡിലൂടെ വാഹനങ്ങള്‍ നിരങ്ങി നീങ്ങണം. ഇതിനിടയില്‍ കാപ്പാട് റോഡിലൂടെ വരുന്ന വാഹനങ്ങളും കുനിയില്‍ക്കടവ് പാലം വഴി വരുന്ന വാഹനങ്ങളും കൂടിയാകുമ്പോള്‍ തിരുവങ്ങൂര്‍ ജംഗ്ഷനില്‍ ഗതാഗതം അതിസങ്കീര്‍ണ്ണമാകും.
തിരുവങ്ങൂരില്‍ അണ്ടര്‍പാസ് നിര്‍മ്മിച്ചിടത്ത് തെക്ക് ഭാഗത്ത് റോഡ് നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ടാറിംഗ് പ്രവർത്തികളാണ് കൂടുതലായും ഇവിടെ ചെയ്യാനുള്ളത്. തിരുവങ്ങൂര്‍ അടിപ്പാതയുടെ വടക്കുഭാഗം തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥ സാരഥി ക്ഷേത്ര വരെ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നതേയുളളു. തിരുവങ്ങൂരില്‍ അടിപ്പാതയുടെ ഇരുവശത്തും റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ വെറ്റിലപ്പാറ വരെ പുതിയ റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയും. ഒരു മാസം കൊണ്ട് പൂക്കാട് ഭാഗത്തും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവങ്ങൂര്‍-വെറ്റിലപ്പാറ ഭാഗത്ത് സര്‍വ്വീസ് റോഡ് നിര്‍മ്മാണം പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. തിരുവങ്ങൂര്‍, പൂക്കാട്, പൊയില്‍ക്കാവ്, ചെങ്ങോട്ടുകാവ് ഭാഗങ്ങളില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ രാമനാട്ടുകര മുതല്‍ കൊയിലാണ്ടി പന്തലായനി വരെ ആറ് വരി പാതയിലൂടെ സുഗമമായി സഞ്ചരിക്കാന്‍ കഴിയും. മഴക്കാലത്തിന് മുമ്പ് ചേമഞ്ചേരി, പൊയില്‍ക്കാവ് ഭാഗങ്ങളില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വെള്ളക്കെട്ടു മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരും. അത് പണി തടസ്സപ്പെടാനും ഇടയാക്കും.