കൂടരഞ്ഞി ഗ്രാമപഞ്ചായത്തും വനം വകുപ്പും സംയുക്തമായി കക്കാടംപൊയിൽ നായാടംപൊയിൽ- കുരിശുമല ഇക്കോ ടൂറിസം സെന്ററായി വികസിപ്പിക്കുന്നതിനു ധാരണയായി. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ വനം- വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുത്തു നടന്ന അവലോകന യോഗത്തിനും സ്‌ഥലം സന്ദർശനത്തിനും ശേഷമാണ് ധാരണയായത്.
മലയോര മേഖലയിൽ കുറഞ്ഞ കാലം കൊണ്ട് നടന്നിട്ടുള്ള വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളെ ജനജീവിതത്തിന് ഉപകാരപ്രദമായ പദ്ധതികളാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. ഇക്കോ ടൂറിസം പദ്ധതി പ്രദേശവാസികൾക്ക് വരുമാനമാർഗം കൂടി തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഇക്കോ ടൂറിസത്തിന്റെ വിശദ പദ്ധതി രേഖ തയ്യാറാക്കാനും കക്കാടം പൊയിലിൽ ലഭ്യമായ റവന്യു ഭൂമിയിൽ ഭാവിയിൽ ഫ്ലവർവാലി നിർമ്മിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
അവലോകന യോഗത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജെറീന റോയ്, വാർഡ് മെമ്പറായ സീന ബിജു, നോർത്തേൺ സർക്കിൾ സിസിഎഫ് കെ ദീപ, നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി കാർത്തിക്, എഡിസിഎഫ് മിഥുൻ മോഹനൻ, കോഴിക്കോട് ഡിഎഫ്ഒ യു ആഷിക് അലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വന സംരക്ഷണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കക്കാടംപൊയിൽ ഇക്കോ ടൂറിസം പദ്ധതി
കക്കാടംപൊയിൽ ഇക്കോ ടൂറിസം പദ്ധതി വനം വകുപ്പും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് നടപ്പാക്കുക. 18.3 ഹെക്ടർ വരുന്ന ഇക്കോ ടൂറിസം പദ്ധതി നിർദ്ദേശിക്കുന്ന കക്കാടം പൊയിൽ-നായാടംപൊയിൽ വനഭാഗം, സമുദ്ര നിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിലാണ് സ്‌ഥിതി ചെയ്യുന്നത്. തണുത്ത കാലാവസ്ഥയും കുന്നിൻ മുകളിൽ കോട മൂടി കിടക്കുന്നതും പുൽമേടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഈ വനപ്രദേശം സഞ്ചാരികൾക്ക് നല്ല കാഴ്ചാനുഭവങ്ങൾ സമ്മാനിക്കും.
എത്തിച്ചേരുന്ന സന്ദർശകർക്ക് മതിയായ സംരക്ഷണവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക, വനം വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക, വനോൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക, പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് സൗകര്യം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഇക്കോ ടൂറിസം പദ്ധതിയിലൂടെ നടപ്പിലാക്കാൻ സാധിക്കും.
ടിക്കറ്റ് കൗണ്ടർ, കുടിവെള്ളം, ഭക്ഷണം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഗ്രാമ പഞ്ചായത്ത് ഒരുക്കും. അതോടൊപ്പം സഞ്ചാരികൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് നിർദിഷ്ട സ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നതിലൂടെയും, മാർഗ്ഗനിർദേശികളെ നിയമിക്കുന്നതിലൂടെയും മറ്റും ഇത് മികച്ച ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സാധിക്കും.