കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പുതിയ ഓഫീസിൽ ഉയർത്താനുള്ള പതാക ഇരിങ്ങത്ത് പാക്കനാർപുരം ഗാന്ധിസദനത്തിൽ വെച്ച് സ്വാതന്ത്ര്യ സമര സേനാനി അച്ചറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരിൽ നിന്ന് അഡ്വ: കെ. പ്രവീൺ കുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ മാസ്റ്റർ ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ഇടത്തിൽ രാമചന്ദ്രൻ ആമുഖ ഭാഷണം നടത്തി. കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട്, കെ.പി.സി.സി. മെമ്പർ പി. രത്നവല്ലി, ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, നിർവ്വാഹക സമിതി അംഗം കെ.പി. വേണുഗോപാലൻ, തുറയൂർ മണ്ഡലം പ്രസിഡണ്ട് അർഷദ് ആയനോത്ത്, വി.വി. അമ്മത്, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാനികളായ ഇ.കെ. ബാലകൃഷ്ണൻ നമ്പ്യാർ, കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, സി.എം. ബാബു എന്നിവർ സംസാരിച്ചു.
കോഴിക്കോട് മനോരമ ഓഫീസിന് സമീപമുള്ള 35 സെൻ്റ് സ്ഥലത്ത് ഏഴരക്കോടി രൂപ ചെലവഴിച്ച് നാല് നില മന്ദിരമാണ് ഏപ്രിൽ 12 ബുധനാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ലീഡർ കെ. കരുണാകരൻ സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്തിട്ടുള്ള കെട്ടിടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 400 പേർക്ക് ഇരിക്കാവുന്ന തരത്തിൽ ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പോഷക സംഘടനകൾക്കും പുതിയ കെട്ടിടത്തിൽ പ്രത്യേകം ഓഫീസും സജീകരിച്ചിട്ടുണ്ട്. പൂർണമായും ശീതീകരിച്ച കെട്ടിടത്തിൻ്റെ പ്രവേശനകവാടത്തിൽ തന്നെ കെ. കരുണാകരൻ്റേയും ഉമ്മൻചാണ്ടിയുടേയും അർദ്ധകായ പ്രതിമ കാണാം. കെട്ടിട ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഏപ്രിൽ 6 മുതൽ മെയ് 6 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ത്രിവർണോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളെ അധികരിച്ച് സംവാദം, ചർച്ചകൾ, കാവ്യ സായാഹ്നം, നാടകം, പുസ്തക ചർച്ച, ചരിത്ര സെമിനാർ എന്നിവയും നടന്നു വരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേരളത്തിനകത്തും പുറത്തുമുള്ള കോൺഗ്രസ് നേതാക്കളുടെ ഒരു വൻനിര തന്നെ ക്ഷണിക്കാക്കളായി എത്തുന്നുണ്ട്. ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ ഒന്നര വർഷം കൊണ്ടാണ് കെട്ടിടം പണി പൂർത്തിയായത്.