തുറയൂർ: ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന 28ാമത് അഖിലേന്ത്യ വോളിബോൾ മത്സരത്തിലെ ഡിപ്പാർട്മെന്റ് മത്സരത്തിൽ ഇന്ത്യൻ ആർമി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഇന്ത്യൻ എയർഫോയ്സിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു വിജയം. വാശിയേറിയ മത്സരത്തിൽ ആദ്യ രണ്ട് സെറ്റ് ജയിച്ച ഇന്ത്യൻ ആർമി ആദ്യമേ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീടുള്ള സെറ്റ് വിജയിച്ച് ഇന്ത്യൻ എയർഫോയ്‌സ് കനത്ത വെല്ലുവിളിയാണ് ഇന്ത്യൻ ആർമിക്കെതിരെ ഉയർത്തിയത്. കനത്ത പോരാട്ടം നടന്ന നാലാം സെറ്റ് മത്സരം ഇന്ത്യൻ ആർമി വിജയിച്ചതോടെ കനക കിരീടം ചൂടുകയായിരുന്നു.
ആദ്യം നടന്ന ജില്ലാ തല മത്സരത്തിൽ ആതിഥേയരായ ടാസ്ക് തുറയൂർ സയൻസ് സെന്റർ വടകരയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് സെറ്റുകൾക്കായിരുന്നു ടാസ്ക്കിന്റെ ജയം. ജില്ലാ തല മത്സരത്തിലെ ബെസ്റ്റ് സെറ്ററായി അമലും ബെസ്റ്റ് അറ്റാക്കറായി അജിത്ത് തുമ്പിയും ബെസ്റ്റ് പ്ലെയറായി റിജാസും തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യ മത്സരത്തിലെ ബെസ്റ്റ് ലിബറോ രമേഷും ബെസ്റ്റ് സെറ്ററായി ലാൽ സുജനും ബെസ്റ്റ് അറ്റാക്കറായി അശോക് ബിഷ്നോയിയും ബെസ്റ്റ് പ്ലെയറായി അമൽ തോമസും അർഹരായി.
അഖിലേന്ത്യ മത്സരത്തിലെ എവർറോളിംഗ് ട്രോഫി അഫ്നാസ് മേക്കിലാട്ടും തെനങ്കാലിൽ ഇസ്മായിലും റണ്ണേയ്സ് അപ്പ് ട്രോഫി കുന്നുമ്മൽ റസാക്ക് മണിയോത്ത് മൂസ എന്നിവർ ചേർന്ന് കൈമാറി. ജില്ലാ തല മത്സരത്തിലെ വിജയികൾക്കുള്ള എവർ റോളിംഗ് ട്രോഫി ഹംസ കോയിലോത്ത് എ.എം റഫീഖ് എന്നിവരും റണ്ണേയ്സ് അപ്പ് ട്രോഫി വി.പി അസ്സൈനാർ എം.ടി റംഷിദ് എന്നിവരും ചേർന്ന് കൈമാറി.