കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ആകാശപാത വരുന്നു

വയനാട് ചുരത്തിന് മുകളിലൂടെ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന 3.25 കിലോമീറ്റർ നീളത്തിൽ  ആകാശപാത വരുന്നു.  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ് വേയും ഇതായിരിക്കും. അടിവാരം ഒന്നാം വളവിൽ നിന്ന് കയറിയാൽ 15 മിനിട്ട് കൊണ്ട് ലക്കിടിയിൽ എത്താം. റോഡ് മാർഗ്ഗം 10 കിലോമീറ്ററിലധികം ദൂരമുണ്ടെങ്കിലും ചുരുങ്ങിയത് 45 മിനിട്ടാണ് യാത്ര സമയം. ആറ് സീറ്റുള്ള 40 കേബിൾ കാർ റോപ് വേയിൽ ഉണ്ടാകും. ഒരേ സമയം നാനൂറിലധികം പേർക്ക് സഞ്ചരിക്കാൻ കഴിയും.

നൂറ് കോടിയിലേറെ രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് പറഞ്ഞു. അടിവാരത്തിനും ലക്കിടിക്കുമിടയിൽ ഇതിനായി 40 ടവറുകൾ സ്ഥാപിക്കും. ഇത് യാഥാർഥ്യമാകുന്നതോടെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടും. താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിനെ മറികടക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. റോപ് വേയിൽ പ്രത്യേക ആംബുലൻസ് കാബിനും ഉണ്ടാകും. ഓക്സിജനടക്കമുള്ള സജ്ജീകരണങ്ങളും ഇതിലുണ്ടാകുമെന്നും ലിൻ്റോ ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published.