ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ പകർന്നു. സഹമേൽ ശാന്തി പണ്ടാര അടുപ്പിൽ തീ പകർന്നു. ഉച്ചയ്ക്ക് 1.15-നാണ് പൊങ്കാല നിവേദ്യം. ഈ സമയത്ത് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ പുഷ്‌പവൃഷ്‌ടിയുണ്ടാകും.
വിശ്വാസികൾക്ക് സൗകര്യമൊരുക്കി സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും കോർപറേഷനും സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. പൊലീസും അഗ്നിരക്ഷാസേനയും കെഎസ്‌ഇബിയും ആരോഗ്യവകുപ്പും സർവസജ്ജമാണ്. ഹരിതചട്ടം പാലിച്ചാണ് പൊങ്കാല. യാത്ര സുഗമമാക്കാൻ കെഎസ്‌ആർടിസിയും റെയിൽവേയും പ്രത്യേക സർവീസ് നടത്തുന്നുണ്ട്.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. സുസജ്ജമായ മെഡിക്കൽ ടീമുകൾക്ക് പുറമേ ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകളും ആരംഭിച്ചു. സമീപത്തെ എല്ലാ ആശുപത്രികളിലും പ്രത്യേക ക്രമീകരണമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിസിന്റെ കീഴിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമുണ്ട്. അത്യാവശ്യ ആരോഗ്യ സേവനങ്ങൾക്ക് 0471 2778947 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്. കോർപറേഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ നഗരം വൈകിട്ടോടെ ശുചിയാക്കും.