കീഴരിയൂർ: വേനൽ ചൂട് കനത്തതോടെ കീഴരിയൂർ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളം എത്തിയാൽ കുടിവെള്ള ക്ഷാമത്തിന് കുറച്ചു ദിവസം പരിഹാരം ഉണ്ടാകുമായിരുന്നു. അരിക്കുളം പഞ്ചായത്ത് കടന്നുവരുന്ന നടുവത്തൂർ മെയിൻ കനാലിലും വെള്ളം എത്തിയിട്ടില്ല. ഇതു കാരണം പ്രദേശം കടുത്ത വരൾച്ചയിലാണ്. മിക്ക ജലനിധി പദ്ധതികളും പമ്പിംങ് ആഴ്ചയിൽ ഒരു ദിവസം മാത്രമേ ഉള്ളൂ. മണ്ണാടിമ്മൽ ജനനിധി പദ്ധതിയുടെ മോട്ടോർ കേടായിട്ട് മാസങ്ങളായി. നന്നാക്കാൻ വലിയൊരു തുക ആവശ്യമായതുകൊണ്ട് ഇതുവരെ നന്നാക്കാൻ സാധിച്ചിട്ടില്ല. കീഴരിയൂരിൽ ജൽ ജീവൻ പദ്ധതിയുടെ പ്രവർത്തി തുടങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും ഇതുവരെ ജല വിതരണം തുടങ്ങിയിട്ടില്ല. ഈ വേനൽ കാലത്തെങ്കിലും പ്രവർത്തനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
