മലയോര മേഖലയിലെ കാർഷിക വിളകളേയും വളർത്തുമൃഗങ്ങളേയും വന്യജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തുന്നതിനുമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വനാതിർത്തിയിൽ ഏറ്റവും ഫലപ്രദമായ സൗരോരോർജ്ജ തൂക്കുവേലിയൊരുങ്ങുന്നു.
രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) പദ്ധതി പ്രകാരം 1.25 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന ജില്ലയിലെ ആദ്യത്തെ സോളാർ ഹാംങ്ങിംഗ് ഫെൻസിങ് നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം പൂവാറൻതോട് വെച്ച് ലിൻ്റോ ജോസഫ് എം എൽഎ നിർവഹിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലി മുതൽ പൂവാറൻതോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അതിർത്തി വരെ 13.5 കിലോമീറ്റർ ദൂരമാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് ഒരു കോടി രൂപ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടും 40 ലക്ഷം രൂപ നബാർഡ് ധനസഹായവും ഉപയോഗിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വനാതിർത്തി പ്രദേശമാകെ സൗരോരോർജ്ജ തൂക്കുവേലി നിർമ്മിച്ച് സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന പ്രവർത്തനമാണ് നടപ്പിലാക്കുന്നത്.
ജന പ്രതിനിധികളുടേയും കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അധ്യക്ഷം വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റോസിലി ജോസ്, വി എസ് രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു ജയൻ, സുരേഷ് ബാബു,
കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ് സ്വപ്ന, കൃഷി ഡെപ്യൂട്ടി ഡയറക്ടർ രൂപ നാരായണൻ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയ മോഹൻ, താമരശ്ശേരി റെയിഞ്ച് ഫോറെസ്റ്റ് ഓഫീസർ വിമൽ പി, സെന്റ് മേരീസ് ചർച്ച് വികാരി ഫാദർ ജെയിംസ് വള്ളിക്കുന്നേൽ, സ്വാഗതസംഘം കൺവീനർ കെ എം മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
പൂവാറൻതോട് വാർഡ് മെമ്പർ എൽസമ്മ ജോർജ്ജ് സ്വാഗതവും കക്കാടംപൊയിൽ വാർഡ് മെമ്പർ സീന ബിജു നന്ദിയും പറഞ്ഞു.