മലയാളിയുടെ പ്രിയപ്പെട്ട കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേയ്ക്ക് ഒമ്പതു വർഷം. താരപരിവേഷമില്ലാതെ, ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും സാധാരണക്കാരായ മനുഷ്യരെ ചേര്‍ത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരന്‍. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെയും കലാഭവൻ മണിക്ക് വഴങ്ങി. മലയാളത്തിന്‍റെ സ്വന്തം കലാഭവൻ മണിയുടെ ഓർമ്മകള്‍ക്ക് ഒന്‍പത് വയസ്.
ഗൗരവുളള സ്വഭാവ വേഷങ്ങളിലൂടെയും, വ്യത്യസ്തത നിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരനായി. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി. കലാഭവനിലൂടെ മിമിക്രി രംഗത്ത്. പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിച്ചു. കരിയിപ്പിച്ചു.
സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തി. സിനിമയിൽ തിരക്കേറിയപ്പോഴും നാടും നാട്ടാരും നാടൻപാട്ടുമായിരുന്നു മണിയുടെ ജീവൻ. ഏതുതിരക്കിലും മണ്ണിന്റെ മണമുള്ള പാട്ടുകളുമായി മണിയെത്തി. ഒരു കോമഡി നടന്‍ എന്ന നിലയില്‍ നിന്നും ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങുന്ന താരത്തിലേക്ക് മണി വളര്‍ന്നു. നേട്ടങ്ങളുടെ പട്ടിക ഏറെ പൂര്‍ത്തീയാക്കനുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ചാലക്കുടിക്കാരന്‍ ചെങ്ങാതി വിടവാങ്ങിയത്