കേന്ദ്രം കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് കൂടുതല്‍ കോച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ കേന്ദ്രത്തിന് കത്തയച്ചു. മംഗലാപുരത്തു നിന്ന് രാവിലെ തിരുവനന്തപുരത്തേക്കും വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും സര്‍വീസ് നടത്തുന്ന ഈ ട്രെയിനില്‍ നിലവില്‍ 8 കോച്ച് മാത്രമാണുള്ളത്. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വന്ദേഭാരതിന് 20 കോച്ചുകളുണ്ട്. ഈ ട്രെയിനിന് നേരത്തേ 16 കോച്ചുണ്ടായിരുന്നത് സംസ്ഥാനത്തിന്റെ ആവശ്യ പ്രകാരം വർധിപ്പിക്കുകയായിരുന്നു.
ഏറെ ആവശ്യക്കാരുള്ള മംഗലാപുരം- തിരുവനന്തപുരം വന്ദേ ഭാരതിന് എട്ടു കോച്ചുകള്‍ തീരെ അപര്യാപ്തമാണെന്നു കേന്ദ്ര റെയിൽ മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. നിലവില്‍ ഈ ട്രെയിനിൽ റിസര്‍വേഷന്‍ ലഭിക്കുക വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നു പൊതുജനങ്ങളില്‍ നിന്ന് വലിയതോതില്‍ ആവശ്യം ഉയരുകയാണ്. റെയിൽവേയ്ക്ക് നല്ല വരുമാനം ലഭിക്കുന്ന റൂട്ടാണിത്. വന്ദേ ഭാരതിന്റെ കോച്ചുകള്‍ വർധിപ്പിക്കണമെന്ന ആവശ്യം നേരിട്ടു കണ്ട അവസരത്തില്‍ കേന്ദ്ര റെയിൽവേ മന്ത്രിയോട് ഉന്നയിച്ച കാര്യവും മന്ത്രി വി.അബ്ദുറഹിമാന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.