വേട്ടയ്ക്കൊരു മകൻ
തെയ്യം ആരാധനയിൽ ഏറെ പ്രാധാന്യമുള്ള ഒരു ദേവതയാണ് വേട്ടയ്ക്കൊരു മകൻ അഥവാ കിരാതസൂനു.പുരാണകഥാപാത്രങ്ങൾ തെയ്യങ്ങളായി മാറുന്നതിനും ഇതിഹാസനായകന്മാരെ ചരിത്രത്തിൽ ആരോപിക്കുന്നതിനും ഉദാഹരണമാണ് ഈ തെയ്യം.കേരളത്തിൽ തെക്ക് വടക്ക് ഭേദമില്ലാതെ ആരാധിക്കപ്പെടുന്ന ഒരു ദേവതയാണ് ഇത് . പഴയ കുറുമ്പ്രനാട് സ്വരൂപത്തിന്റെ സ്വരൂപദേവതയാണ് ഈ മൂർത്തി . അതുകൊണ്ടു തന്നെ ഈ ഭാഗങ്ങളിൽ വേട്ടയ്ക്കൊരുമകനെ ‘പരദേവത’ എന്നാണ് വിളിക്കുന്നത് . കോഴിക്കോട് ജില്ലയിലേതിൽ നിന്നു വ്യത്യസ്തമാണ് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വേട്ടയ്ക്കൊരുമകന്റെ ഐതിഹ്യം.പക്ഷെ എല്ലായിടത്തും ബാലുശ്ശേരി കോട്ട തന്നെയാണ് ഈ ദേവതയുടെ ആരൂഢമായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.വേട്ടയ്ക്കൊരുമകനുമായി ബന്ധപ്പെട്ട് തെയ്യത്തോളം തന്നെ പ്രാധാന്യമുള്ള ഒരു അനുഷ്‌ഠാനമാണ് തേങ്ങയേറും പാട്ടും. പന്തീരായിരം തേങ്ങയേറും പാട്ടും ഈ ദേവതയ്ക്ക് ഏറെ ഇഷ്ടമായ ഒരു വഴിപാടാണ്.
പുരാവൃത്തം :
പാണ്ഡവരുടെ വനവാസകാലത്ത് അർജുനൻ ശിവനെ തപസ്സു ചെയ്യുമ്പോൾ ശിവപാർവ്വതിമാർ കിരാതവേഷത്തിൽ അർജുനനെ പരീക്ഷിക്കാനായി ചെന്നു .ആ അവസരത്തിൽ ഒരു പന്നിയെ അമ്പെയ്തു വീഴ്ത്തിയതുമായി ബന്ധപ്പെട്ട് കിരാതനും അർജുനനും തമ്മിൽ തർക്കമുണ്ടാവുകയും ഒടുവിൽ പരമശിവൻ പാശുപതാസ്ത്രം നല്കി അർജുനനെ അനുഗ്രഹിക്കുകയും ചെയ്തു.തുടർന്ന് കിരാത രൂപികളായ ശിവപാർവതിമാർക്ക് ഒരു പുത്രൻ ജനിച്ചു.അതാണ് വേട്ടയ്ക്കൊരു മകൻ. ആയുധവിദ്യകളെല്ലാം പഠിച്ചുറച്ചു കഴിയുമ്പോഴേക്കും വേട്ടയ്ക്കൊരു മകനെ ദേവന്മാർക്കുകൂടി ഭയമായി. അവരെല്ലാവരും ചേർന്ന് വേട്ടയ്ക്കൊരുമകന്റെ അമിതപ്രഭാവം കുറയ്ക്കണമെന്ന് ശിവനോടപേക്ഷിച്ചു.അങ്ങനെ അച്ഛന്റെ ആജ്ഞ പ്രകാരം വേട്ടയ്ക്കൊരുമകൻ മലനാട്ടിലേക്കിറങ്ങി. പല സ്ഥലങ്ങളും ചുറ്റിക്കണ്ടു. അവിടെയെല്ലാം സ്ഥാനവും ലഭിച്ചു.
തന്റെ യാത്രക്കിടയിൽ കുറുമ്പ്രനാടെത്തിയ വേട്ടയ്ക്കൊരുമാകൻ അവിടെ ബാലുശ്ശേരിയിലുള്ള കാറകൂറയില്ലം എന്ന പ്രശസ്ത നായർ തറവാട്ടിലെ ഒരു സ്ത്രീയെ വിവാഹം ചെയ്ത് അതിൽ ഒരു മകനുണ്ടായി.കാറകൂറനായരുടെ ബാലുശ്ശേരിക്കോട്ട കുറുമ്പ്രാതിരി കൈയടക്കി വച്ചിരിക്കുകയായിരുന്നു.കാറകൂറയില്ലത്ത് ബലവാന്മാരായ ആൺതരികൾ ഇല്ലാതിരുന്നതിനാൽ അവർക്ക് കോട്ട തിരിച്ചുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ആ സമയത്താണ് വേട്ടയ്ക്കൊരുമകൻ അവിടെയെത്തിയത്. കോട്ട തിരിച്ചു കൊടുക്കണമെന്ന് വേട്ടയ്ക്കൊരു മകൻ കുറുമ്പ്രാതിരിയോട് ആവശ്യപ്പെട്ടു. കോട്ട വിട്ടുകൊടുക്കാമെന്ന് കുറുമ്പ്രാതിരി സമ്മതിച്ചുവെങ്കിലും വേട്ടയ്ക്കൊരു മകന്റെ കഴിവും കരുത്തും ഒന്നു പരീക്ഷിക്കണമെന്ന് മനസ്സിൽ തീരുമാനിച്ചു.
അഞ്ചു തേങ്ങ പൊളിച്ചു വേണം കോട്ട കൈയേല്ക്കാനെന്ന് കുറുമ്പ്രാതിരി ആവശ്യപ്പെടുകയും എന്നിട്ട് ഇരുപത്തിയൊന്നായിരത്തി അറുനൂറു തേങ്ങകൾ പടിവാതില്ക്കൽ കൂട്ടിയിട്ട് നാലു കടവിലെ ഓടം വിലക്കി അതിനു ചുറ്റും മുള്ളുവേലി കെട്ടി കോട്ട വാതിലടയ്ക്കുകയും ചെയ്തു. പറഞ്ഞദിവസം ഏഴു വയസ്സുള്ള മകനെക്കൊണ്ട് തേങ്ങ പൊളിപ്പിക്കാമെന്നു കരുതിയെത്തിയ വേട്ടയ്ക്കൊരുമകൻ കുഞ്ഞിന്റെ കൈപിടിച്ച് കടവുകടക്കാതെ ,വേലി പൊളിക്കാതെ, കോട്ടപ്പടിവാതിൽ തുറക്കാതെ കുറുമ്പ്രാതിരിയുടെ മുമ്പിലെത്തി. എന്നിട്ട് കുളിച്ചു വന്ന മകനെക്കൊണ്ട്, തീ കൂട്ടി അതിനു നടുവിൽ വച്ചിരിക്കുന്ന നാല്പത്തിനാലു മുഴമുള്ള ചേല കുളിച്ചു വന്ന മകനെക്കൊണ്ട് ഒരുകേടും പറ്റാതെ എടുപ്പിച്ച് ചുറ്റിച്ചു. കുറുമ്പ്രാതിരി കണ്ണു ചിമ്മി തുറക്കുമ്പോഴേക്കും തേങ്ങ മുഴുവൻ മകനെക്കൊണ്ട് പിട്പിടാ പൊട്ടിച്ചു.അതോടെ വേട്ടയ്ക്കൊരു മകന് കുറുമ്പ്രാതിരി കോട്ടയിലും സ്ഥാനം നല്കി കുറുമ്പ്രാതിരി ആദരിച്ചു. പിന്നീട് നെടിയിരിപ്പ് സ്വരൂപത്തിൽച്ചെന്ന് സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനെയും ചമ്രവട്ടത്ത് ശാസ്താവിനെയും കീഴൂർ വൈരജാതനേയും കണ്ട് ഉറ്റചങ്ങാതികളായി മാറി വടക്കോട്ട് പുറപ്പെട്ടു. ഇതിനിടയിൽ ഊർപഴശ്ശി ബാലുശ്ശേരി കോട്ടയിൽ വന്ന് വേട്ടയ്ക്കൊരുമകനെ കാണുകയും അവർ ഉറ്റ സുഹൃത്തുക്കളായി മാറുകയും ചെയ്തു.ഇപ്പോഴും മിക്ക കാവുകളിലും ഈ രണ്ടു തെയ്യങ്ങളും ഒരുമിച്ചാണ് ഇറങ്ങാറുള്ളത്.
തെയ്യം :
വണ്ണാൻ സമുദായക്കാരാണ് വേട്ടയ്ക്കൊരുമകൻ തെയ്യം കെട്ടുന്നത്. അഭിമാന്യപ്രഭുവായ വേട്ടയ്ക്കൊരുമകന്റെ തെയ്യം കെട്ടുമ്പോൾ നോക്കിലും ചലനത്തിലും ഭാവത്തിലുമെല്ലാം തികഞ്ഞ ഗാംഭീര്യം പ്രതിഫലിപ്പിക്കേണ്ടി വരുന്നത് കോലക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമാണ്.ആചാരം ലഭിച്ച കോലക്കാരാണ് ഈ തെയ്യം കെട്ടിയാടാറുള്ളത്.പീലിമുടിയും “കട്ടാരവും പുള്ളിയും” എന്ന മുഖത്തെഴുത്തുമാണ് വേട്ടയ്ക്കൊരു മകനുളളത്. കൂടാതെ ചുകപ്പ്, മഞ്ഞ,പച്ച എന്നീ നിറങ്ങൾ കൊണ്ടുള്ള മേക്കെഴുത്തും ഉണ്ടായിരിക്കും.