കൊളോണിയല്‍ ഭരണകാലത്ത് മലബാറിലുണ്ടായ സുപ്രധാനമായ ഒരു സാമൂഹ്യമാറ്റം പൊതു ഇടങ്ങള്‍ രൂപംകൊണ്ടതാണ്. പുതുതായി രൂപംകൊണ്ട പൊതുഇടങ്ങളിലേക്ക് സ്ത്രീകള്‍/പെണ്‍കുട്ടികള്‍ പ്രവേശനം തുടങ്ങിയതും മറ്റൊരു ശ്രദ്ധേയമായ സാമൂഹിക മാറ്റമായിരുന്നു. മൈതാനങ്ങള്‍, കളിസ്ഥലങ്ങള്‍, സിനിമാ തിയേറ്ററുകള്‍, സ്‌കൂളും കോളേജുകളും ഉള്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയെല്ലാം മലബാറിലെ പൊതു ഇടങ്ങളായിരുന്നു. മനുഷ്യര്‍ ജാതി-മത-വര്‍ഗ്ഗ-ലിംഗ ഭേദമെന്യേ ഇടപെടുന്ന സ്ഥലങ്ങളെയാണ് പൊതു ഇടങ്ങള്‍ എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
കൊളോണിയല്‍ ഭരണാധിപത്യത്തിന് മുമ്പിലുണ്ടായിരുന്ന സാമൂഹ്യ വ്യവസ്ഥയുടെ ഏറ്റവും പ്രധാന പ്രത്യേകതകള്‍ അത് പുരുഷകേന്ദ്രീകൃതവും ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതവുമായിരുന്നു എന്നതാണ്. ആ സാമൂഹ്യ വ്യവസ്ഥയില്‍ എല്ലാ മതങ്ങളിലും ജാതികളിലും പെട്ട സ്ത്രീകളുടെമേല്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തപ്പെട്ടു. എന്നാല്‍ കൊളോണിയല്‍ ഭരണകൂടം നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങളും ഗതാഗത വാര്‍ത്താ വിനിമയ രംഗത്തുണ്ടായ മാറ്റങ്ങളും മിഷനറിമാരിലൂടെയുണ്ടായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പൊതു ഇടങ്ങള്‍ രൂപംകൊള്ളുന്നതിനും അത്തരം പൊതുഇടങ്ങളിലേക്ക് സ്ത്രീകള്‍ പ്രവേശിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടാക്കി.
1911 ലെ ഡല്‍ഹി ദര്‍ബാറിന്റെ അഥവാ മലബാര്‍ ദര്‍ബാറിലെ സമയത്ത് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ അഥവാ ബ്രിട്ടീഷ് ഭരണകൂടം സംഘടിപ്പിച്ച പരിപാടികളില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധേയമായ സാന്നിദ്ധ്യം നമുക്ക് കാണാവുന്നതാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ പെണ്‍കുട്ടികളുടെ നിരവധി സ്‌കൂളുകള്‍ അഥവാ ഗേള്‍സ് സ്‌കൂളുകള്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. 1911-ലെ ഡല്‍ഹി ദര്‍ബാറിന്റെ പ്രധാന ആഘോഷ പരിപാടികള്‍ മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട്ടായിരുന്നു. കോഴിക്കോട് നഗരത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള നിരവധി ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ പൊതുസ്ഥലങ്ങളായ മാനാഞ്ചിറ, വെസ്റ്റ്ഹില്‍ മൈതാനത്ത് പ്രവേശിക്കുകയും ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ബി.ഇ.എം. ഗേള്‍സ് ഹൈസ്‌കൂള്‍, തിരുവണ്ണൂര്‍ ഗേള്‍സ് സ്‌കൂള്‍, ബിലാത്തിക്കുളം ഗേള്‍സ് സ്‌കൂള്‍, ചാലപ്പുറം ഹിന്ദു ഗേള്‍സ് സ്‌കൂള്‍, ചാലപ്പുറം മിഷന്‍ ഗേള്‍സ് സ്‌കൂള്‍ ഇവയെല്ലാം നഗരത്തിലെ പ്രധാന ഗേള്‍സ് സ്‌കൂളുകളായിരുന്നു.
കണ്ണൂരില്‍ ഡല്‍ഹി ദര്‍ബാറിനോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കപ്പെട്ട കായിക മത്സരങ്ങളില്‍ പെണ്‍കുട്ടികളുടെ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. പ്രധാനമായും നഗരത്തിലെ മൂന്ന് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്- ഗവ. ഗേള്‍സ് സ്‌കൂള്‍, കോണ്‍വെന്റ് സ്‌കൂള്‍, പറോച്യല്‍ സ്‌കൂള്‍ (പറോച്യല്‍ സ്‌കൂള്‍ എന്നു പറയുന്നത് ഏതെങ്കിലും ഒരു മതവിഭാഗം നടത്തുന്ന വിദ്യാലയങ്ങളാണ്. അവിടെ മതപഠനത്തോടൊപ്പം തന്നെ മതേതര വിഷയങ്ങളായ ശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കുന്നു. മിഷണറിമാര്‍ സ്ഥാപിച്ച ഇത്തരത്തിലുള്ള നിരവധി സ്‌കൂളുകള്‍ കണ്ണൂര്‍ നഗരത്തിലുണ്ടായിരുന്നു) എന്നിവയായിരുന്നു മൂന്ന് സ്‌കൂളുകള്‍.
കൊല്ലങ്ങോട്ട് നടന്ന ദര്‍ബാര്‍ ആഘോഷങ്ങളില്‍ കണിയാപുരം ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ആലപിച്ച ഗാനങ്ങള്‍ ആളുകള്‍ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. വയനാട്ടിലെ മാനന്തവാടിയില്‍ നടന്ന ആഘോഷ പരിപാടികളില്‍ നമ്പൂതിരി, നായര്‍ സ്ത്രീകള്‍ വേദിയിലെ പ്രധാന പന്തലില്‍ പരിപാടികള്‍ വീക്ഷിക്കാനെത്തിയിരുന്നു. ഇവര്‍ ആദ്യമായിട്ടാണ് പൊതുസ്ഥലത്ത് എത്തിച്ചേര്‍ന്നത് എന്ന് ദര്‍ബാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഒറ്റപ്പാലം, കൊല്ലങ്ങോട്, മാനന്തവാടി എന്നിവിടങ്ങളില്‍ നടന്ന ആഘോഷ പരിപാടികളുടെ പ്രധാന സവിശേഷത സ്‌കൂള്‍ കുട്ടികളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സാന്നിധ്യമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടം സജീവമായി സ്‌കൂള്‍ കുട്ടികളെ ഈ ആഘോഷ പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. മാര്‍ച്ച്പാസ്റ്റിലും കലാപരിപാടികളിലും കായിക മത്സരങ്ങളിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെത്തന്നെ സജീവമായി പങ്കെടുത്തു. കൊളോണിയല്‍ ഭരണകൂടത്തോട് വിധേയത്വം പുലര്‍ത്തുന്ന ഒരു തലമുറയെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെങ്കിലും അവയെല്ലാം നൂറ്റാണ്ടുകളായി സാമൂഹ്യ ചലനം നഷ്ടപ്പെട്ട മനുഷ്യരിലെ പകുതി ജനവിഭാഗത്തിന്, സ്ത്രീകള്‍ക്ക് സാമൂഹ്യചലനം സൃഷ്ടിക്കാന്‍ കാരണമായി.