കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സിലെ മലബാര്‍ ഗവണ്‍മെന്റ് പബ്ലിക്ക് ഡിപ്പാര്‍ട്ട്മെന്റ് ഫയല്‍ (ബണ്ടില്‍ നമ്പര്‍ 1 A, സീരിയല്‍ നമ്പര്‍ 21)ട്രങ്ക് കോളുകളെ കുറിച്ചാണ് നമ്മളോട് സംസാരിക്കുന്നത്. ഇത് മൊബൈല്‍ ഫോണുകളുടെ കാലം. ഫോണുകള്‍ വഴി നമുക്ക് വേണ്ടപ്പെട്ടവരെ ബന്ധപ്പെടാമെന്ന് മാത്രമല്ല വിരല്‍ത്തുമ്പിലൂടെ ലോകം ഫോണ്‍ വഴി നമ്മുടെ മുന്നിലെത്തുന്നു. എന്നാല്‍ ഇതൊന്നും ഇല്ലാത്ത കാലത്ത് ഫോണ്‍ ഉപയോഗം അങ്ങേയറ്റം പരിമിതപ്പെട്ട കാലത്ത് ഉണ്ടായിരുന്ന സംവിധാനമായിരുന്നു ട്രങ്ക് കോള്‍ സംവിധാനം. ഒരു നിശ്ചിത ദൂരത്തിനു പുറത്തുള്ളവരെ വിളിക്കാന്‍ ഏതാണ്ട് നാല് ദശകങ്ങള്‍ മുമ്പ് വരെ ഇന്ത്യാരാജ്യത്ത് ട്രങ്ക് കോള്‍ സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. ദൂരപ്രദേശത്ത് ഫോണ്‍ ചെയ്യാന്‍ ഫോണ്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളുമായി സംസാരിക്കാന്‍ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ആദ്യം വിളിച്ച് ഇന്നേ നമ്പറില്‍ ഇന്നേ ആളുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയണം. കുറച്ച് സമയം കഴിഞ്ഞാല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ നിന്ന് വിളിച്ച് കോള്‍ കണക്ട് ചെയ്തിട്ടുണ്ട് എന്ന വിവരം അറിയിക്കും. ഏതാണ്ട് ഈ രീതിയിലായിരുന്നു ട്രങ്ക് കോള്‍ സംവിധാനം.
മേല്‍ പറഞ്ഞ ആര്‍ക്കൈവ്സിലെ ഫയല്‍ ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ട്രങ്ക് കോള്‍ ഉപയോഗത്തെ കുറിച്ച് പറയുന്നു. 1935 സെപ്തംബര്‍ 9 ന് മദ്രാസിലെ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ ഇങ്ങനെ പറയുന്നു. മലബാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ട്രങ്ക് കോള്‍സിന്റെ ഉപയോഗത്തെക്കുറിച്ചാണ് ഉത്തരവ്.
സര്‍ക്കാര്‍ ചിലവിലുള്ള ട്രങ്ക് കോള്‍സ് ഔദ്യോഗിക കാര്യങ്ങള്‍ മാത്രം അറിയിക്കാനും അടിയന്തിര ഘട്ടത്തില്‍ മാത്രം ഉപയോഗിക്കാനുമുള്ളതാണ്. കലക്ടര്‍, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് അഥവാ എ ഡി എം അവരുടെ അഭാവത്താല്‍ അവരുടെ സ്ഥാനം അലങ്കരിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമേ ട്രങ്ക് കോളുകള്‍ ഉപയോഗിക്കാന്‍ പാടുള്ളു. മേല്‍ പറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് പുറമേയുള്ള ആരെങ്കിലും ട്രങ്ക് കോളുകള്‍ ഉപയോഗിച്ചാല്‍ അവര്‍ എന്താവശ്യത്തിനാണ് ഉപയോഗിച്ചതെന്നും എന്ത് അടിയന്തിരഘട്ടത്തിലാണ് അത് ഉപയോഗിച്ചതെന്നും വെളിപ്പെടുത്തണം. അല്ലെങ്കില്‍ ട്രങ്ക് കോള്‍സിന്റെ ചിലവ് അവര്‍ നല്‍കേണ്ടി വരും.
ഇപ്പോഴത്തെ പുതിയ തലമുറക്ക് ഈ ഒരു വാര്‍ത്ത കേള്‍ക്കുന്നത് വലിയ അതിശയമായിരിക്കും. ഇപ്പോള്‍ വാട്സ്ആപ് വഴി നമുക്ക് ലോകത്തിന്റെ ഏത് മൂലയിലുള്ളവരെയും നമുക്ക് നേരിട്ട് വീഡിയോ കോള്‍ പോലും ചെയ്യാവുന്നതാണ്. എന്നാല്‍ ഒരു കാലത്ത് ട്രങ്ക് കോള്‍ എന്നു പറയുന്ന ഒരു സമ്പ്രദായമായിരുന്നു ഉണ്ടായത്. സാങ്കേതിക വിദ്യ എത്രത്തോളം മാറി എന്ന് ആലോചിക്കുമ്പോള്‍ നമുക്ക് അത്ഭുതപ്പെടാനെ നിവൃത്തിയുള്ളു.







