500 കോടിയോളം രൂപ നിർമ്മാണ ചെലവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 46 ഏക്കർ സ്ഥലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തികളിൽ ഒന്നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം. ഡൽഹി മെട്രോ റെയിൽ അടക്കം വമ്പൻ പദ്ധതികൾ പൂർത്തീകരിച്ച് ചരിത്രമുള്ള വൈ.എഫ്.സി കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് നിർമാണ പ്രവർത്തനം നടത്തുന്നത്. കേരളത്തിലെ മറ്റു നഗരങ്ങളിൽ പത്തും പതിനഞ്ചും ഏക്കർ സ്ഥലത്ത് നവീകരണം നടക്കുമ്പോൾ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ 46 ഏക്കറിലധികം സ്ഥലത്താണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായി 46 ഏക്കറിൽ പരന്നു കിടക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാറും.
പദ്ധതിയുടെ ഭാഗമായി വരുന്ന ചില പ്രധാന കാര്യങ്ങൾ
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ വികസം ആണ് കോഴിക്കോട് വരുന്നത്, 46 ഏക്കർ സ്ഥലം ആണ് ഉപയോഗിക്കുന്നത്. റെയിൽവേ സ്റ്റേഷനോട് ചേർന്ന് അഞ്ച് ഏക്കറിൽ 10 ലക്ഷം സ്ക്വയർഫീറ്റിൽ ഉള്ള IT Space. നിലവിലുള്ള റെയിൽവേ സ്റ്റേഷൻ റോഡ് മാറ്റി സ്ഥാപിക്കും അതോടൊപ്പം ഒയിറ്റി റോഡിലുള്ള കുപ്പി കഴുത്തും ഒഴിവാക്കപ്പെടും. 6 പ്ലാറ്റ്ഫോമുകൾക്കും 9 ട്രാക്കുകൾക്കും ഉള്ള സൗകര്യം. 20 ലിഫ്റ്റുകൾ, 24 എസ്കലേറ്ററുകൾ, 12 മീറ്റർ വീതിയുള്ള ഫുട്ട് ഓവർബ്രിഡ്ജ്, രണ്ട് പ്രവേശനകവാടങ്ങൾ, ഒരേസമയം 1,100 കാറുകൾക്കും 2,500 ഇരുചക്രവാഹനങ്ങൾക്കും ബസ്സുകൾക്കുമുള്ള പാർക്കിങ്ങ് സൗകര്യം കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമായി ഉണ്ടാവും. 48 മീറ്റർ വീതിയുള്ള പാതയാണ് സ്റ്റേഷൻവളപ്പിലെ മറ്റൊരു പ്രത്യേകത. നിലവിലെ 5 മീറ്റർ വീതിയിലുള്ള 2 ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് പകരം 12 മീറ്റർ വീതിയിലുള്ള 2 പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കും. ഈസ്റ്റ് ടെർമിനലിനെയും വെസ്റ്റ് ടെർമിനലിനെയും ബന്ധിപ്പിച്ച് മധ്യത്തിൽ 48 മീറ്റർ വീതിയിലുള്ള കോൺകോഴ്‌സിൽ ബിസിനസ് ലോഞ്ച് അടക്കമുള്ള സജ്ജീകരണം. പാർക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവർ ബ്രിഡ്ജുകളിൽ നിന്നും കോൺകോഴ്‌സിൽ നിന്നും സ്‌കൈവാക്ക് സൗകര്യം. നിലവിലെ മുഴുവൻ റെയിൽവേ കോട്ടേഴ്‌സുകളും പൊളിച്ച് നീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് ടവറുകളിലായി ബഹുനിലകളിലുള്ള പുതിയ കോട്ടേഴ്‌സ്. പടിഞ്ഞാറ് ഭാഗത്ത് മാത്രം 4.2 ഏക്കറിൽ വാണിജ്യ കേന്ദ്രം.
Entry, Exit എന്നിവക്ക് പ്രത്യേക കവാടങ്ങൾ. Multiplex, Office space , International, National Retail outlets, Star Hotels ഒക്കെയായി വാണിജ്യ കേന്ദ്രങ്ങൾ…! ഫ്രാൻസിസ് റോഡിൽ നിന്നും നിലവിലെ നാലമത്തെ പ്ളാറ്റ്ഫോം ഭാഗത്തേക്ക് 4 വരി പാത. ആർ.എം.എസ് കേന്ദ്രം, പാർസൽ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിങ്, നിർദ്ദിഷ്ട മെട്രോ സ്റ്റേഷനെയും ക. റെയിൽ സ്റ്റേഷനെയും റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ടെർമിനൽ പണിയാനുള്ള കേന്ദ്രം, എന്നിവയും പ്രൊജക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കോഴിക്കോട്ട് മാത്രമാണ് 48 മീറ്റർ വീതിയിൽ കോൺകോഴ്സ് വരുന്നത് കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളിൽ 24 മീറ്ററിലും 36 മീറ്ററിലാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനെ വിമാനത്താവള നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമ്പോൾ ഏറ്റവും ആകർഷകമാവുക‘ എയർ കോൺകോഴ്സ്’ എന്ന ഇടനാഴിയാകും. പ്ലാറ്റ്ഫോമിൽനിന്ന് 8 മീറ്റർ ഉയരത്തിൽ, കിഴക്കും പടിഞ്ഞാറുമുള്ള പ്രവേശന കവാടങ്ങളെ ബന്ധിപ്പിച്ചു നിർമിക്കുന്ന ഈ മേൽപാലത്തിന് 48 മീറ്റർ ആയിരിക്കും വീതിയും 110 മീറ്റർ നീളവും. യാത്രക്കാർക്ക് വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാൻ വഴിയൊരുക്കുന്നതിനു പുറമെ ഈ വഴിയിൽ കഫറ്റീരിയകളും മറ്റു റീടെയ്ൽ ഔട്ട്ലെറ്റുകളും എ.ടി.എം എല്ലാം ഉണ്ടാവും
പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാത്തവർക്കും ഇതുവഴി യാത്ര ചെയ്യാം. കോൺകോഴ്സിനു മുകളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ടിക്കറ്റ് എടുക്കാത്തവർക്കും സാധിക്കും. ഇതോടൊപ്പം വെസ്റ്റ് ഹിൽ വന്ദേഭാരത്, വന്ദേ സ്ലീപ്പർ, വന്ദേ മെട്രോ എന്നിവക്ക് ആവശ്യമായ പിറ്റ്ലൈൻ സ്ഥാപിക്കുയും കോഴിക്കോട് നോർത്ത് സ്റ്റേഷൻ ആയി വികസിപ്പിക്കുകയും ഫറോക്ക് സ്റ്റേഷനെ കോഴിക്കോട് എയർപോർട്ട് സ്റ്റേഷൻ ആയി മാറ്റുകയും ചെയ്താൽ കോഴിക്കോട് നിന്നും ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാനും കോഴിക്കോടിന് സമഗ്ര വികസനത്തിനും കാരണമാകും.