പന്തീരാങ്കാവ് 110 കെ.വി. സബ് സ്റ്റേഷൻ നിർമ്മാണം മന്ത്രി ഉദ്ഘാടനം ചെയ്തു
ഉപയോക്താക്കൾക്ക് അധികബാധ്യത വരാതെയും ഇളവുകളിലേറെയും നിലനിർത്തിയുമാണ് വൈദ്യുതി നിരക്കിൽ നേരിയ വർധന നടപ്പാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കേന്ദ്രനയം മൂലം ഇതര സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി എത്തിക്കുന്നതിൻ്റെ കൂടിയ ചെലവും ഉപയോഗത്തിലെ വർധനയും സൃഷ്‌ടിച്ച ബാധ്യത മറികടക്കാനാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഈ നടപടി കൈക്കൊണ്ടത്. നിരക്ക് പരിഷ്ക്കരണം ജനങ്ങളെ കാര്യമായി ബാധിക്കാതിരിക്കാൻ സബ്സിഡിയും നിലവിലുള്ള സൗജന്യങ്ങളും തുടരുമെന്നും മന്ത്രി പറഞ്ഞു. പന്തീരാങ്കാവ് 110 കെ.വി. സബ് സ്റ്റേഷൻ നിർമ്മാണം മന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
72 ലക്ഷത്തോളം ഉപയോക്താക്കൾക്ക് സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നുണ്ട്. 26 ലക്ഷം ഉപയോക്താക്കളും പ്രതിമാസം 50 യൂണിറ്റുവരെയുള്ള ഉപഭോഗ സ്ലാബിലാണ്. ഇവർക്ക് ഒരുമാസം ഉണ്ടാകുന്ന വർധന കേവലം ഏഴ് രൂപ മാത്രമാണ്. 95 ശതമാനം ഗാർഹിക ഉപഭോക്താക്കളുടെയും (ഏകദേശം 102 ലക്ഷം) പ്രതിമാസ ഉപഭോഗം 250 യൂണിറ്റിൽ താഴെയാണ്. ഇവർക്ക് ഒരുമാസം ഉണ്ടാകുന്ന വർധന കേവലം 45 രൂപ മാത്രമാണ്. അതായത് പ്രതിദിനം ഒന്നര രൂപ വർധനവ് മാത്രമെന്നും മന്ത്രി വ്യക്തമാക്കി.
ചരിത്രത്തിൽ ആദ്യമായി പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കാനായതായി മന്ത്രി ചൂണ്ടിക്കാട്ടി. സോളാർ ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ പകൽ സമയത്തെ വൈദ്യുതി നിരക്കിൽ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ ഏകദേശം ഒന്നര ലക്ഷം ചെറുകുട വ്യവസായ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനമായും ഈ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി വൈദ്യുതി നിരക്കിൽ പകൽ 10 ശതമാനം കുറവ് വരുത്തിയതോടെ യൂണിറ്റിന് 60 പൈസയിലധികം ഈ വിഭാഗത്തിന് കുറവ് ഉണ്ടാവുന്നു എന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ഉല്പാദന രംഗത്ത് 2030 ഓടെ 10000 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് വൈദ്യുതി ബോർഡും സർക്കാരും നടത്തി വരുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രസരണ മേഖല ശക്തിപ്പെടുത്താനായി വിഭാവനം ചെയ്ത ട്രാൻസ്റ്റ്രിഡ് പദ്ധതിക്ക് 10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി രണ്ടു ഘട്ടമായാണ് നടപ്പാക്കുന്നത്. 400 കെ വി യുടെ മൂന്ന് സസ്സ്റ്റേഷനുകളും, 220 കെ വി യുടെ 22 സസ്സ്റ്റേഷനുകളും, ഒരു 110 കെ വി സബ് സ്റ്റേഷനും, 3670 സർക്യൂട്ട് കിലോമീറ്റർ എക്സ്ട്രാ ഹൈ വോൾട്ടേജ് ലൈനുകളും ആണ് പ്രധാനമായി ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി നടപ്പാക്കുന്നത് വഴി പ്രതിവർഷം 521 ദശലക്ഷം യൂണിറ്റ്, ഉദ്ദേശം 250 കോടി രൂപയ്ക്ക് തുല്യമായ വൈദ്യുതി നഷ്ടം കുറയ്ക്കാനും വരുന്ന 25 വർഷത്തെ പ്രസരണ ആവശ്യകത നിറവേറ്റാനും വൈദ്യുതി തടസ്സം ഒഴിവാക്കാനും ഗുണമേന്മയുള്ള വൈദ്യുതി സ്ഥിരതയോടെ ഉപഭോക്താക്കൾക്ക് എത്തിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
2016 മുതൽ കോഴിക്കോട് ജില്ലയിൽ പ്രസരണ വിഭാഗത്തിന് കീഴിൽ കുന്നമംഗലം 220 കെവി സബ്സ്റ്റേഷനും, കിനലൂർ 110 കെവി സബ്സ്റ്റേഷനും, 66 കെവി യിൽ നിന്നും 110 കെവി ആക്കി ശേഷി ഉയർത്തിയ തമ്പലമണ്ണ, കുറ്റിക്കാട്ടൂർ, മാങ്കാവ് എന്നീ മൂന്ന് സബ്സ്റ്റേഷനുകളും, സൈബർ പാർക്ക് 66 കെവി സബ്സ്റ്റേഷനും, ഫറോക്ക്, പേരാമ്പ്ര, എൻഐടി എന്നീ മൂന്ന് 33 കെവി സബ്സ്റ്റേഷനുകളും അനുബന്ധ ലൈനുകളും പൂർത്തീകരിച്ചിട്ടുണ്ട്. ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറനാട് ലൈൻസ് പാക്കേജിലെ കിഴിശ്ശേരി മുതൽ നല്ലളം 220 കെവി സബ്സ്റ്റേഷൻ വരെയുള്ള ലൈനും, നോർത്തേൺ റീജിയൻ പാക്കേജിലെ 220 കെവി നല്ലളം സബ്സ്റ്റേഷൻ മുതൽ 110 കെവി കക്കയം വരെയുള്ള ലൈനും ഉൾപ്പടെയുള്ള ലൈനുകളും പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പിടിഎ റഹീം എംഎൽഎ അധ്യക്ഷനായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി കെ ശൈലജ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ശാരുതി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത്, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പുഷ്പലത, ഒളവണ്ണ വാർഡ് മെമ്പർ പി സതീഭായ്, കെഎസ്ഇബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടർ വി മുരുകദാസ്, ചീഫ് എൻജിനീയർ ട്രാൻസ്മിഷൻ നോർത്ത് കെ ശാന്തി തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതി ചെലവ് 16.9 കോടി രൂപ
ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാനും വോൾട്ടേജ് പ്രശ്നം പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിലെ കോഴിക്കോടൻ കുന്നിൽ 143.5 സെന്റ് ഭൂമിയിലാണ് 110 കെ.വി പന്തീരാങ്കാവ് സബ് സ്റ്റേഷൻ നിർമിക്കുന്നത്. ലൈൻ നിർമ്മാണം ആവശ്യമില്ല. 12.5 എം.വി.യുടെ രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കും. ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലെയും കോഴിക്കോട് കോർപ്പറേഷന്റെ കിഴക്കുഭാഗത്തേയും അമ്പതിനായിരത്തിലേറെ ഉപഭോക്താക്കൾക്ക് നേരിട്ട് ഗുണം ലഭിക്കും. സബ് സ്റ്റേഷൻ വരുന്നതോടെ നല്ലളം, രാമനാട്ടുകര, മാങ്കാവ്, കുറ്റിക്കാട്ടൂർ സസ്സ്റ്റേഷൻ പരിധികളിലെ വൈദ്യുതിവിതരണത്തിൻ്റെ ലോഡിൽ ആശ്വാസം ലഭിക്കും. 16.9 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. 2026 മാർച്ചിൽ കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.