മാനന്തവാടിയിലെ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ടു. വയനാട് കളക്ടറുമായി ഫോണിൽ സംസാരിച്ച പ്രിയങ്ക, സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഈ സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടികൾ വേഗത്തിലാണ്. സംഭവത്തിൽ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെ ഇന്നു തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു.
വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരുക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും ശക്തമായി പ്രതികരിച്ചിട്ടുണ്ട്.