‘ശുചിമുറികൾ സംസാരിച്ചു, ഞങ്ങൾ മോശക്കാരല്ല’ ദുർഗന്ധം പരന്നൊഴുകുന്ന ശുചിമുറികളുടെ കാലം മാറുന്നു. നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ ജില്ലാ ശുചിത്വ മിഷൻ നടപ്പിലാക്കിയ ടോയ്‌ലറ്റ് സ്പീക്ക്സ് ക്യാമ്പയിൻ്റെതാണ് ഈ വിലയിരുത്തൽ.
വേൾഡ് ടോയ്‌ലറ്റ് ഡേ മാസാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ 14 പ്രധാനനഗരങ്ങളിലെ 1211 ശുചിമുറികളിലാണ് സർവ്വേ നടത്തിയത്. ബസ്സ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, ഹോട്ടലുകൾ, ബാങ്ക്, ഷോപ്പിംഗ് മാളുകൾ, സ്കൂളുകൾ തുടങ്ങി കൂടുതൽ പാദ മുദ്രകൾ പതിയുന്ന ശുചിമുറികളാണ് സർവ്വേക്കായി തിരഞ്ഞെടുത്തത്. 15 കോളേജുകളിലെ 600 വിദ്യാർത്ഥികൾ സർവ്വേയിൽ പങ്കെടുത്തു.
രണ്ടു വിഭാഗങ്ങളാക്കിയായിരുന്നു പരിശോധന. ആദ്യത്തേത്; സർക്കാർ ആശുപത്രി, സ്കൂളുകൾ, ഓഫീസുകൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ. ഇത്തരത്തിലുള്ള 134 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. രണ്ടാമത്തെ വിഭാഗം സ്വകാര്യ സ്ഥാപനങ്ങളാണ്. എയ്ഡഡ് വിദ്യാലയങ്ങൾ, തുണി ഷോപ്പ്, ഹോട്ടലുകൾ, ബാങ്കുകൾ, സ്വകാര്യ ആശുപത്രി തുടങ്ങിയവ. ഈയിനത്തിൽ 1078 സ്ഥാപനങ്ങളും പരിശോധിച്ചു.
കേന്ദ്രസർക്കാർ ഒഡിഎഫ് മാനദണ്ഡങ്ങൾക്ക് പുറത്തിറക്കിയ FACES മെട്രിക്സ് അടിസ്ഥാനപ്പെടുത്തിയാണ് സർവ്വേ ചോദ്യങ്ങൾ ക്രമീകരിച്ചത്. ജലം, ബക്കറ്റ്, കപ്പ്, സോപ്പ്, ഹാൻഡ് വാഷ് ലഭ്യത, വാതിലടയ്ക്കുവാൻ കഴിയുന്നവ, വെളിച്ചം, നന്നായി കഴുകി വൃത്തിയായി സൂക്ഷിക്കുന്ന ശുചിമുറി, ശുചീകരണത്തിന് പ്രത്യേകം തൊഴിലാളികളെ നിയോഗിച്ചവയുടെ വൃത്തി, സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാൻ ബാസ്‌ക്കറ്റ്, തിരിച്ചറിയൽ ബോർഡുകൾ സ്ഥാപിച്ചവ, സോക്ക്പിറ്റ് ലഭ്യത, ദുർഗന്ധമില്ലാത്ത ശുചിമുറികൾ, മികച്ച ശുചിമുറി പരിചരണം എന്നിങ്ങനെ 12 മേഖലയാക്കി തിരിച്ചായിരുന്നു ചോദ്യങ്ങൾ.
രണ്ടു വിഭാഗങ്ങളിലെയും ശുചിമുറികൾ മികച്ച നിലവാരം പുലർത്തിയതായി കണ്ടു. ജലം, ബക്കറ്റ്, കപ്പ് ലഭ്യതകൾ രണ്ട് മേഖലയിലും 90% മുകളിലാണ്. വാതിലടക്കാൻ കഴിയുന്ന ശുചിമുറികളും 90% ത്തിന് മേലെയാണ്. ദുർഗന്ധമില്ലാത്ത ശുചിമുറികളെയും, മികച്ച പരിചരണം നൽകുന്ന ശുചിമുറികളയും എടുത്തു ചോദിച്ചതിനും 80 ശതമാനത്തിന് മുകളിലാണ് നിലവാരം എന്നായിരുന്നു ഉത്തരം. കുറ്റിയും കൊളുത്തും പോയതും ദുർഗന്ധ പൂരിതവുമായ പഴയ ശുചിമുറികളുടെ കാലം മാറി വരുന്നു എന്നതിൻ്റെ ഒന്നാന്തരം ഉദാഹരണമായി നമുക്ക് ഈ ഉത്തരങ്ങൾ വായിച്ചെടുക്കാം. ശുചീകരണത്തിന് പ്രത്യേകം തൊഴിലാളികളെ നിയോഗിച്ച സ്ഥലങ്ങളിലെ വൃത്തി 90% മുകളിൽ നിൽക്കുന്നതും എടുത്ത് പറയേണ്ടതാണ്.
ശബരിമല ദർശനത്തിന് പോകുന്ന ഭക്തരും സാധാരണക്കാരും ഓട്ടോറിക്ഷ തൊഴിലാളികളുമെല്ലാം ടേക്ക് എ ബ്രേക്ക് ഉൾപ്പെടെയുള്ള മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നതായി സർവ്വേയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സൂചിപ്പിച്ചു. സോക്ക് പിറ്റ് നിർമാണം, തിരിച്ചറിയൽ ബോർഡുകൾ സ്ഥാപിക്കൽ, സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ബാസ്കറ്റ് ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ നിലവാരം മെച്ചപ്പെടാനുണ്ടെന്നാണ് ഓഡിറ്റിൽ വ്യക്തമായത് ഈ കാര്യങ്ങളിൽ വരും ദിവസങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി മുന്നോട്ടു പോകുമെന്നും, വളരെ മോശമായി കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ട സ്ഥാപനങ്ങളുടെ ശൗചാലയങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.