റെയില്‍വേയില്‍ ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമാണ് അയയ്ക്കാനാകുക. രണ്ടുമാസം മുന്‍പാണ് പാഴ്‌സല്‍ നിരക്ക് റെയിൽവേ വർധിപ്പിച്ചത്. ഈ സംവിധാനം കൂടുതലായും പ്രയോജനപ്പെടുത്തിയിരുന്നത് ചെറുകിട കർഷകരാണ്. അത്തരത്തിലുള്ള ആളുകളെയാകും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. പാഴ്സലിന്റെ തൂക്കം കൂടുന്നതനുസരിച്ച് അധിക ടിക്കറ്റ് എടുക്കണമെന്ന നിബന്ധനയും റെയിൽവേ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
അതായത് 1000 കിലോയുളള പാഴ്സല്‍ അയയ്ക്കുന്നതിന് ഇനി നാല് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. തിങ്കളാഴ്ച മുതൽ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിൽ വരും. അഞ്ചുമിനിറ്റില്‍ താഴെ ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ നിന്ന് അയയ്ക്കുന്ന പാഴ്‌സലുകള്‍ക്കു തൂക്കത്തിനനുസരിച്ചുള്ള നിരക്കിനു പുറമേ ലഗേജ് ടിക്കറ്റുകള്‍ കൂടി എടുക്കേണ്ടതുണ്ട്. ഏത് സ്റ്റേഷനിലേക്കാണോ അയയ്ക്കുന്നത് അവിടം വരെയുള്ള ജനറല്‍ ടിക്കറ്റ് എടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തൃശ്ശൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ജനറല്‍ ടിക്കറ്റിന് 540 രൂപയാണ് ഈടാക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് 1000 കിലോയുടെ പാഴ്‌സല്‍ അയയ്ക്കാന്‍ ഇനി മുതല്‍ 2160 രൂപയ്ക്കാണ് ടിക്കറ്റ് എടുക്കേണ്ടത്.