കൊല്ലം എൽ.പി. സ്കൂളിൻ്റെ (ശ്രീ പിഷാരികാവ് ദേവസ്വം) 150ാം വാർഷികാഘോഷം – ‘ ധന്യം ദീപ്തം’ – വിപുലമായ പരിപാടികളോടെ 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരെ നടക്കും. 2024 ഡിസംബർ 14 ശനിയാഴ്ച വൈകു: 5 മണിക്ക് ബഹു.വനം-വന്യ ജീവി വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ വാർഷികാഘോഷത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം 3 മണിക്ക് സാംസ്കാരിക ഘോഷയാത്ര ഉണ്ടായിരിക്കും. കൊല്ലം ടൗണിൽ നിന്നാരംഭിച്ച് കൊല്ലം ചിറയുടെ സമീപത്തു കൂടെ സ്കൂളിൽ സമാപിക്കും. വിവിധ കലാരൂപങ്ങളുടെ അകമ്പടിയിൽ സാമൂഹ്യ സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരും രക്ഷിതാക്കളും കുട്ടികളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ഘോഷയാത്രയിൽ അണിചേരും.
ശ്രീ പിഷാരികാവ് ദേവസ്വം ചെയർമാൻ ശ്രീ.ഇളയിടത്ത് വേണുഗോപാൽ പതാക ഉയർത്തും. ഉദ്ഘാടനചടങ്ങിൽ പ്രശസ്ത സിനിമാതാരവും മറിമായം ടെലിസീരിയൽ പ്രധാന നടനുമായ ശ്രീ. ഉണ്ണിരാജ്, നമ്മുടെ നാടിൻ്റെ അഭിമാനമായ പ്രശസ്ത നായകൻ ശ്രീ.ഷാഫി കൊല്ലം എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ജനപ്രതിനിധികൾ ക്ഷേത്ര ട്രസ്റ്റി അംഗങ്ങൾ, മനേജർ, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ ഭാരവാഹികൾ , റസി. അസോസിയേഷൻ ഭാരവാഹികൾ, പൂർവ്വ അധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനുശേഷം വിവിധ കലാപരിപാടികളും ഷാഫി കൊല്ലത്തിൻ്റെ നേതൃത്വത്തിൽ ജിനേഷ്, സജില ജിനേഷ്, ബബിന അനിൽ എന്നിവർ നയിക്കുന്ന സംഗീതനിശയും അരങ്ങേറും.
150ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, കുട്ടികൾക്കുള്ള പഠനക്യാമ്പുകൾ, ഡോക്യുമെൻ്ററി, രക്ഷാകർത്തൃസംഗമം ,പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം, പുസ്തകോത്സവം,ഗാന്ധി സ്ക്വയർ, ആദരം, വിവിധ കലാപരിപാടികൾ എന്നിവ തുടർന്നുള്ള ദിവസങ്ങളിലായി നടക്കുന്നതാണ്. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ജന:കൺവീനർ എ.പി സുധീഷ്,ഹെഡ്മിസ്ട്രസ് ബിനിത.ആർ, രക്ഷാധികാരി ഇ.എസ് രാജൻ, പബ്ലിസിറ്റി കൺവീനർ ശശി ഭവതാരിണി , രൂപേഷ് മാസ്റ്റർ, ഷെഫീഖ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.