കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ കേരസൗഭാഗ്യ പദ്ധതിയെ കുറിച്ച് കന്നട ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന കാര്‍ഷിക മാസികയില്‍ ലേഖനം. കേര കര്‍ഷകരെ സഹായിക്കാന്‍ മൂടാടി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ കേര സൗഭാഗ്യ പദ്ധതിയെ കുറിച്ചാണ് ലേഖനം വന്നത്. അദികെ പത്രികെ എന്നാണ് മാഗസിന്റ പേര്.
തെങ്ങില്‍ കയറി തേങ്ങയിടാന്‍ വേണ്ടത്ര തെങ്ങ് കയറ്റ തൊഴിലാളികളെ ലഭിക്കാത്തതാണ് കേര കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം. ഇതിന് പരിഹാരമായിട്ടാണ് കര്‍ഷകരെയും തെങ്ങ് കയറ്റ തൊഴിലാളികളെയും ഉള്‍പ്പെടുത്തി കേര സൗഭാഗ്യ പദ്ധതി മൂടാടി ഗ്രാമ പഞ്ചായത്ത് ആവിഷ്‌ക്കരിച്ചത്. ഒരേ സമയം നാളികേര കൃഷിയെയും കര്‍ഷകനെയും തെങ്ങുകയറ്റ തൊഴിലാളിയെയും ചേര്‍ത്ത് നിര്‍ത്തുന്ന പദ്ദതിയാണ് മൂടാടി ഗ്രാമ പഞ്ചായത്ത് ഏര്‍പ്പെടുത്തിയത്. ഒരു തെങ്ങില്‍ കയറാന്‍ അന്‍പത് രൂപ വേതനം കണക്കാക്കും. ഇതില്‍ 25 രൂപ കര്‍ഷകര്‍ക്ക് സബ്ബ സിഡിയായി നല്‍കും.കയറേണ്ട തെങ്ങുകളുടെ എണ്ണത്തിനനുസരിച്ച് കര്‍ഷകര്‍ പകുതി പൈസ കാര്‍ഷിക കര്‍മ്മ സേനയുടെ ഓഫീസില്‍ അടയ്ക്കണം. തുക അടയ്ക്കുന്നതോടെ തെങ്ങ് കയറ്റ തൊഴിലാളികളെ ലഭിക്കുന്നതിനുളള രജിസ്‌ട്രേഷനും നടക്കും.തൊഴിലാളികളെ കാര്‍ഷിക കര്‍മസേനയാണ് ഏര്‍പ്പെടുത്തി കൊടുക്കുക. തൊഴിലാളികളുടെ ലഭ്യതയനുസരിച്ച് തേങ്ങ പറിക്കാന്‍ എത്തുന്ന ദിവസം കര്‍ഷകരെയോ വീട്ടുകാരെയോ അറിയിക്കും. തൊഴിലാളികള്‍ക്കുളള വേതനം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അതാത് ദിവസം തന്നെ കൈമാറും.വീടുകളില്‍ സ്ഥിരമായി തേങ്ങ പറിക്കുന്നയാളും അല്ലാത്തവരും കാര്‍ഷിക കര്‍മ്മ സേനയില്‍ പേര് രജിസ്ടര്‍ ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍പരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.കവുങ്ങും നാളികേരവും വിളയുന്ന കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ മൂടാടിയുടെ കേരസൗഭഗ്യ പദ്ധതിയെ കുറിച്ച് വന്ന ലേഖനം ചര്‍ച്ചയായിട്ടുണ്ട്.