കുവൈറ്റിലെ ബാങ്കിൽ നിന്ന് 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കേരളത്തിൽ നിന്നുള്ള 1400ൽ അധികം പേർക്കെതിരെ അന്വേഷണം. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത ശേഷം മുങ്ങിയ കേസിലാണ് നടപടി. കേരളത്തിൽ നിന്നുള്ളവർ കുവൈറ്റിലെ ഗൾഫ് ബാങ്കിൽ നിന്ന് ശമ്പളം തെളിയിക്കുന്ന രേഖകൾ നൽകി വായ്പയെടുത്ത ശേഷം മുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടക്കത്തിലേ ചെറിയ വായ്പകൾ എടുത്ത് നിശ്ചിത തീയതികളിൽ തിരിച്ചടച്ചാണ് ഇവർ ബാങ്കിന്റെ വിശ്വാസം നേടിയത്. അതിനുശേഷം വൻതുക വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യത്ത് നിന്നും കടന്നുകളയുകയായിരുന്നു . മൂന്ന് മാസം മുമ്പാണ് തട്ടിപ്പ് കണ്ടെത്തിയത്.
വായ്പയെടുത്തവരുടെ വിവരങ്ങൾ ബാങ്കിലുണ്ട്. ഗൾഫ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കേരളത്തിലെത്തി സംഭവത്തിൽ ക്രമസമാധാന വകുപ്പ് എഡിജിക്ക് പരാതി നൽകുകയും ചെയ്തു. കടം വാങ്ങിയവരുടെ വിവരങ്ങൾ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോടികളുടെ വായ്പയെടുത്ത് ഒളിവിൽ പോയവർക്കെതിരെ കേരളത്തിൽ അന്വേഷണം നടക്കുകയാണ്. ആദ്യഘട്ടത്തിൽ 1400 പേരിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. തട്ടിപ്പിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.