കൊയിലാണ്ടി: ഡിസംബർ 6 അംബേദ്കർ ചരമദിനത്തിൽ തന്നെ ബാബരി മസ്ജിദ് തകർക്കാൻ വേണ്ടി സംഘപരിവാർ തെരഞ്ഞെടുത്തത് രാജ്യത്തിൻറെ ഭരണഘടന തകർക്കാൻ കൂടിയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം ശശീന്ദ്രൻ പപ്പൻകാട്. വെൽഫെയർ പാർട്ടി കേരളത്തിലെ 500 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ആരാധനാലയ സംരക്ഷണ സംഗമങ്ങളുടെ ഭാഗമായി കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡിൽ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര ഇന്ത്യയെ കലാപങ്ങളുണ്ടാക്കി അസ്ഥിരപ്പെടുത്താതിരിക്കാനാണ് 1991 ൽ രാജ്യം അംഗീകരിച്ച ആരാധന സംരക്ഷണ നിയമം കൊണ്ടുവന്നതെന്നും ഈ നിയമങ്ങളെ നോക്ക് കുത്തിയാക്കിയാണ് സംഘപരിവാർ രാജ്യത്ത് ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾക്ക് നേരെ ആക്രമങ്ങൾ അയച്ചുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ കോടതികൾ സംഘപരിവാർ പദ്ധതിക്ക് കൂട്ടുനിൽക്കുകയാണെന്നും രാജ്യത്തെയും രാജ്യ നിവാസികളെയും സംരക്ഷിക്കേണ്ട ഭരണഘടനയെ സംരക്ഷിക്കേണ്ട ഗതികേടിലാണ് ഇന്ന് ജനങ്ങൾ എന്നും ഇത് രാജ്യത്തെ സമാധാനത്തിന് വലിയ ഭീഷണിയാണന്നും ആരാധനാലയ നിയമ സംരക്ഷണ സംഗമം വിലയിരുത്തി.
മുൻസിപ്പൽ പ്രസിഡണ്ട് മുജീബ് അലി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് അസീസ് മാസ്റ്റർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമ്മൽ എന്നിവർ സംസാരിച്ചു. മുൻസിപ്പൽ സെക്രട്ടറി അമീർ എ എം സ്വാഗതവും റഫീഖ് എംപി നന്ദിയും പറഞ്ഞു.