ചെങ്ങോട്ടുകാവ്: ചേലിയ ടൗൺ വാർഡ് വിഭജനം ശാസ്ത്രീയമോ എന്ന വിഷയത്തിൽ ജനകീയ കൂട്ടായ്മ സംവാദം സംഘടിപ്പിച്ചു. ഭരണഘടനയും 1994- ലെ കേരള പഞ്ചായത്ത് ആക്ടും 2005- ലെ ഡിലിമിറ്റേഷൻ കമ്മീഷനും വാർഡ് വിഭജനത്തിന് കൃത്യമായ ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കാതെ അശാസ്ത്രീയമായി വാർഡു വിഭജനം നടത്തുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ജനകീയ കൂട്ടായ്മ രേഖപ്പെടുത്തി.
ചേലിയ അങ്ങാടിയിൽ നടന്ന സംവാദത്തിൽ വിജയരാഘവൻ ചേലിയ മോഡറേറ്ററായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. എം. കോയ, ഗ്രാമപഞ്ചായ ത്ത് വാർഡ് മെമ്പർ അബ്ദുൾ ഷുക്കൂർ, ഉണ്ണിക്കൃഷ്ണൻ വെള്ളിയാത്തോട്ട്, കെ.വി. സുഭാഷ്, കെ.കെ. ശങ്കരൻ മാസ്റ്റർ, ഇ.കെ. ശ്രീനിവാസൻ, ശിവൻ കക്കാട്ട്, ഇ.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കൃത്യമായ ഭൂമിശാസ്ത്ര അതിരുകളുള്ള ഒരു ദേശത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സാംസ്കാരികവും സാമൂഹികവുമായ ഒരുമ നഷ്ടപ്പെടാതെ വിഭജിക്കാമെന്നിരിക്കെ അശാസ്ത്രീയമായി വിഭജിക്കുന്നതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ ജനഹിതത്തോടൊപ്പം നിൽക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.