കൊയിലാണ്ടി നഗരസഭ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് കുടിവെളളമെത്തിക്കാന്‍ ജലവിതരണ കുഴലുകള്‍ മണ്ണിനടിയില്‍ സ്ഥാപിക്കുന്ന പ്രവർത്തികള്‍ അന്തിമഘട്ടത്തിലേക്ക്. വരുന്ന ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ പ്രവർത്തികള്‍ പൂര്‍ത്തിയാക്കി ജല വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീടുകളിലേക്ക് കുടിവെള്ളമെത്തിക്കാന്‍ പൈപ്പുകള്‍ കീറിയിടുന്ന പ്രവർത്തി നഗരസഭയിലെ 44 വാര്‍ഡുകളിലും പുരോഗമിക്കുകയാണ്. നഗരസഭയില്‍ മൊത്തം 364 കീ.മീറ്റര്‍ ദൂരത്തിലാണ് ജലവിതരണ കുഴലുകള്‍ സ്ഥാപിക്കേണ്ടത്. 40 ശതമാനം പ്രവർത്തികളും പൂര്‍ത്തിയായതായി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ പറഞ്ഞു. മൊത്തം 227 കോടി രൂപയാണ് നഗരസഭയുടെ സമ്പൂര്‍ണ്ണ കുടിവെളള വിതരണത്തിന് ചെലവാകുക.
സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടില്‍ നിന്ന് ആദ്യഘട്ടത്തില്‍ അനുവദിച്ച 85 കോടി രൂപ ഉപയോഗിച്ച് നടേരി വലിയമല, പന്തലായനി കോട്ടക്കുന്ന്, കൊയിലാണ്ടി മിനി സിവില്‍സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ മൂന്ന് വലിയ ജല സംഭരണികള്‍ സ്ഥാപിച്ചിരുന്നു. ഈ ജല സംഭരണികളിലേക്ക് വെള്ളമെത്തിക്കാനുളള വലിയ കുഴലുകളും സ്ഥാപിച്ചു. വലിയ മലയിലും കോട്ടക്കുന്നിലും 17 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ടാങ്കും, കൊയിലാണ്ടി മിനി സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് 23 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ടാങ്കുമാണ് നിര്‍മ്മിച്ചത്. ഈ സംഭരണികളില്‍ നിന്ന് വീടുകളിലേക്ക് വെള്ളമെത്തിക്കാനുളള വിതരണ ശൃംഖല സ്ഥാപിക്കാന്‍ രണ്ടാഘട്ടത്തില്‍ 120 കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇതു കൂടാതെ കേന്ദ്ര സര്‍ക്കാര്‍ അമൃത് പദ്ധതിയില്‍പ്പെടുത്തി 22 കോടി രൂപ കൂടി അനുവദിച്ചു. ഈ തുക കൊണ്ടാണ് വീടുകളിലേക്ക് കണക്ഷന്‍ നല്‍കുക. കേന്ദ്ര സര്‍ക്കാന്‍ അനുവദിച്ച തുകയുടെ 12 ശതമാനം തിരിച്ചടക്കണം. ഇതിലേക്കായി ഏകദേശം 2.85 കോടി രൂപ നഗരസഭ തിരിച്ചടക്കണം. ഈ തുകയിലേക്ക് എ.പി.എല്‍ വിഭാഗക്കാരില്‍ നിന്നും 2000 രൂപ നഗരസഭ ഈടാക്കും. നഗരസഭയില്‍ വാട്ടര്‍ കണക്ഷന്‍ ആവശ്യമുളള 4000ത്തിനും 5000 ത്തിനും ഇടയില്‍ എ.പി.എല്‍ വിഭാഗത്തിലുളളവരുണ്ടെന്നാണ് കണക്ക്. ഇവരില്‍ നിന്ന് 2000 രൂപ വെച്ച് ഈടാക്കിയാല്‍ ഒരു കോടി രൂപയോളം ലഭിക്കും. ബാക്കി തുക നഗരസഭ തനത് ഫണ്ടില്‍ നിന്ന് അനുവദിച്ച് കേന്ദ്ര സര്‍ക്കാരിന് നല്‍കും. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ തുക ഈടാക്കുന്നില്ല.
ജല വിതരണം തുടങ്ങിയാല്‍ രണ്ടു മാസത്തില്‍ 15,000 ലിറ്റര്‍ വെള്ളം വരെ ബി.പി.എല്‍ വിഭാഗത്തിലുളളവര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. അതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ മീറ്റര്‍ ചാര്‍ജ് നല്‍കണം. എന്നാല്‍ എ.പി.എല്‍ മാസത്തിനുളളില്‍ 5000 ലിറ്റര്‍ വരെ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ 75 രൂപ നല്‍കണം. അതില്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചാല്‍ മീറ്റര്‍ ചാര്‍ജിനനുസരിച്ച് നല്‍കേണ്ടി വരും.
പെരുവണ്ണാമൂഴി-കോഴിക്കോട് ജപ്പാന്‍ കുടിവെളള പദ്ധതിയുടെ പ്രധാന പൈപ്പു ലൈന്‍ കടന്നു പോകുന്ന കായണ്ണയില്‍ കണക്ടിംങ്ങ് വാള്‍വ് സ്ഥാപിച്ചാണ് കൊയിലാണ്ടി ഭാഗത്തേക്ക് പൈപ്പു ലൈനിലൂടെ വെള്ളം തിരിച്ചു വിടുന്നത്. ഇതിനായി കായണ്ണയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് പൈപ്പു ലൈന്‍ സ്ഥാപിച്ചു കഴിഞ്ഞു. ജലം ജീവാമൃതം പദ്ധതിയിലുള്‍പ്പെടുത്തി കിഫ്ബി പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി യാഥാര്‍ത്യമാകുന്നതോടെ കടലേര മേഖലയില്‍ ജീവിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളുടെ ഉപ്പുവെള്ള പ്രശ്‌നത്തിന് പരിഹാരമാകും. കൊയിലാണ്ടി നഗരസഭയിലെ 11 കടലോര വാര്‍ഡുകളിലുള്ളവര്‍ക്കും കുന്നിന്‍ മുകളില്‍ താമസിക്കുന്നവര്‍ക്കും ഈ പദ്ധതി കൊണ്ട് പ്രയോജനം കിട്ടും. തുടക്കത്തില്‍ 15,000 ഗുണഭോക്താക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. ഓരോ വര്‍ഷവും 25 മുതല്‍ 50 ലക്ഷം വരെയാണ് വരള്‍ച്ച സമയത്ത് കുടിവെള്ള വിതരണത്തിന് നഗരസഭ ചെലവഴിക്കുന്നത്. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നഗരസഭയ്ക്ക് വലിയ പ്രയോജനം ചെയ്യും.
ജലവിതരണ കുഴല്‍ സ്ഥാപിക്കുന്ന പ്രവർത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാറെടുത്തത്. കുഴലിടാന്‍ കുത്തി പൊളിച്ച റോഡുകള്‍ കരാര്‍ എടുത്തവര്‍ തന്നെ പഴയ മട്ടില്‍ പുനഃ സ്ഥാപിക്കും.