എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിൻ്റെ ഡിപ്പോയിലുണ്ടായ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിൽ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇന്ധനം പടർന്ന ജലാശയങ്ങൾ വൃത്തിയാക്കാനും സംഭവം ഇനിയും ആവർത്തിക്കാതിരിക്കാനുമുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
മെക്കാനിക്കല്‍/ഇലക്ട്രോണിക് സംവിധാനങ്ങളിലുണ്ടായ പരാജയമാണ് അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാൽ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയേണ്ടതുണ്ട്. ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ഇതിനായി ഈ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന സംഘത്തെ പരിശോധനക്കായി നിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിനും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പം സംഭവസ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എച്ച്പിസിഎൽ ആസ്ഥാനവുമായും കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായും സർക്കാർ തലത്തിൽ ചർച്ച നടത്തും. ഡിപ്പോയുടെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ സുരക്ഷിതവും സുതാര്യവുമാക്കാൻ സ്ഥാപന അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലാശയങ്ങൾ ശുചിയാക്കുന്ന പ്രവർത്തി ഇന്ന് രാത്രിയുടെ ആരംഭിക്കും. മലിനീകരണത്തിൻ്റെ വ്യാപ്തി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫാക്ടറീസ് ആക്ടിലെ 92, 96 വകുപ്പുകള്‍ പ്രകാരം സ്ഥാപനത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ നിയമം, എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്റ്റ് എന്നിവ പ്രകാരം കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു
കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ഒപി ഷിജിന, എഡിഎം എൻ എം മെഹറലി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരി, ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അനലിസ്റ്റ് അശ്വതി, തഹസിൽദാർ പ്രേംലാൽ, വില്ലേജ് ഓഫീസർ ജിജി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.