സിബിഎസ്‍ഇ പാഠ്യപദ്ധതിയിൽ പുതിയ മാറ്റങ്ങൾക്ക് ശുപാർശ. ഒമ്പത്, പത്ത് ക്ലാസുകളിലേക്കുള്ള സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ രണ്ട് തലങ്ങളിൽ പരീക്ഷകൾ നടത്താനാണ് സി ബി എസ് ഇ പദ്ധതി. രണ്ട് വിഷയങ്ങളിലും സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നീ തലങ്ങളിൽ പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ. വിഷയം കരിക്കുലം കമ്മിറ്റി ചർച്ച ചെയ്തുവെങ്കിലും ഗവേണിങ് ബോഡിയുടെ അന്തിമ അംഗീകാരം ലഭിച്ചാലേ പ്രാബല്യത്തിൽ വരുത്താനാകൂ. അംഗീകാരം ലഭിച്ചാൽ 2026-27 അധ്യയന വർഷം മുതൽ രീതി തുടരാനാണ് നീക്കം.
ഈ രീതി നിലവിൽ വന്നാൽ സാധാരണ പഠിച്ചു പോകുന്ന വിദ്യാർത്ഥകൾക്ക് സ്റ്റാന്റേർഡും, വിഷയം തുടർന്ന് പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അഡ്വാൻസ്ഡ് പരീക്ഷയും എഴുതാം. നിലവിൽ കണക്കിന് ഇത്തരത്തിൽ രണ്ട് പരീക്ഷകൾ സി ബി എസ് ഇ നടത്തുന്നുണ്ട്. പത്താം ക്ലാസിൽ ബേസിക്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് തലങ്ങളിലായാണ് സി ബി എസ് ഇ പരീക്ഷകൾ നടത്തുന്നത്.