കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളിക്കളഞ്ഞു. സാങ്കേതിക പരിശോധനയിൽ കണ്ടെത്തിയ പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. റെയിൽവേ മാനദണ്ഡങ്ങൾക്കനുസൃതമായി ഡിപിആർ പരിഷ്കരിച്ച് വീണ്ടും സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
സിൽവർ ലൈൻ പദ്ധതിയുടെ ട്രാക്ക് ബ്രോഡ്ഗേജ് സംവിധാനത്തിൽ ആയിരിക്കണമെന്നും നിലവിലുള്ള റെയിൽവേ ട്രാക്കുമായി സംയോജിപ്പിച്ചുവേണം പുതിയ പാതകൾ നിർമ്മിക്കാനെന്നും കേന്ദ്രം നിർദ്ദേശിച്ചു. സംസ്ഥാനത്തിന് സ്വന്തമായി പാത നിശ്ചയിക്കാൻ കഴിയില്ലെന്നും, പുതിയ പാതകൾ പരമാവധി നിലവിലുള്ള റെയിൽവേ ട്രാക്കിന് സമാന്തരമായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, കോച്ചുകൾ തമ്മിലുള്ള കൂട്ടിമുട്ടൽ ഒഴിവാക്കാൻ കവച് സേഫ്റ്റി സെക്യൂരിറ്റി സംവിധാനത്തിനുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
പദ്ധതിക്ക് സമഗ്രമായ പാരിസ്ഥിതിക അനുമതി ആവശ്യമാണെന്നും, നിർമാണ ഘട്ടത്തിലും പൂർത്തീകരണത്തിനു ശേഷവും സമ്പൂർണ്ണമായ ജലനിർഗമന സംവിധാനം ഉറപ്പാക്കണമെന്നും കേന്ദ്രം നിഷ്കർഷിച്ചു. നിലവിൽ സമർപ്പിച്ച പദ്ധതി റിപ്പോർട്ട് അപര്യാപ്തമാണെന്ന് റെയിൽവേ മന്ത്രാലയം വിലയിരുത്തി. കെ-റെയിൽ പദ്ധതി നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ നേരത്തെ തന്നെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലും തടസ്സങ്ങൾ പരിഹരിച്ച് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.