ശബരിമലയിലെ സമരങ്ങൾക്ക് വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന് പറഞ്ഞ കോടതി, ഡോളി സമരങ്ങള്‍ പോലുള്ളവ ആവര്‍ത്തിക്കാൻ പാടില്ലെന്നും മുന്നറിയിപ്പ് നൽകി.
സമരങ്ങൾ ആരാധനാവകാശത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ശബരിമല തീര്‍ഥാനടനകേന്ദ്രമാണെന്നും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഡോളി സമരത്തിൽ വിശദീകരണം തേടിയിട്ടുണ്ടായിരുന്നു. പതിനൊന്ന് മണിക്കൂർ നീണ്ട ഈ സമരം എ ഡി എമ്മുമായി ചർച്ച നടത്തിയ ശേഷമാണ് അവസാനിപ്പിച്ചത്. മുന്നൂറിലേറെ വരുന്ന തൊഴിലാളികൾ സമരം നടത്തിയത് ഡോളി സര്‍വീസിന് പ്രീപെയ്ഡ് സംവിധാനം കൊണ്ടുവരുന്നതിനെതിരെ ആയിരുന്നു.
ഇതിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി, ഡോളി ജീവനക്കാരുടെ പ്രശ്നങ്ങൾ തീർത്ഥാടനകാലത്തിന് മുമ്പ് അറിയിക്കേണ്ടതായിരുന്നുവെന്നും, ഇത്തരത്തിൽ സമരം ചെയ്യുകയല്ല വേണ്ടിയിരുന്നതെന്നും കുറ്റപ്പെടുത്തി. പ്രായമായവരും, നടക്കാൻ വയ്യാത്തവരും രോഗികളുമൊക്കെ ഡോളി സര്‍വീസ് കിട്ടിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന് ചോദിച്ച കോടതി, ഇതൊന്നും അനുവദിക്കാൻ കഴിയില്ലെന്നും അറിയിച്ചു. തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയുമെന്നാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളി കൃഷ്ണന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ചോദിച്ചത്.