കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ പി ടിക്കറ്റിന് 10 രൂപ നിരക്കിൽ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡിസംബർ ഒന്നു മുതൽ ഒ പി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാൻ ജില്ലാ കളക്‌ടർ സ്നേഹികുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗമാണ് തീരുമാനമെടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റൽ കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചത്.
യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ, ജില്ലാ വൈസ് പ്രസിഡന്റ് റിനേഷ് ബാൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിബു, സിറാജുദീൻ ടി.കെ, സി.വി. ആദിൽ അലി, ഋഷികേശ് അമ്പലപ്പടി, റബിൻലാൽ, പ്രവീൺകുമാർ, അഭിജിത് ഉണ്ണികുളം, സലൂജ് രാഘവൻ, അരുൺ ശിവാനന്ദൻ, അരുൺ മലാപറമ്പ്, ഷമീർ മാങ്കാവ് എന്നിവരുടെ നേതൃത്വത്തിലാണ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും വികസന പ്രവൃത്തികൾക്കും മറ്റുമുള്ള ചെലവ് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വിദ്യാഭ്യാസം, കുടിവെള്ളം, ആരോഗ്യം, പാർപ്പിടം തുടങ്ങിയവ സ്റ്റേറ്റും യൂണിയനും പൗരന് നൽകുന്ന മൗലിക അവകാശമാണെന്നും അതിന് വിലയിടാൻ ആരെയും അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് ആർ ഷഹിൻ പറഞ്ഞു.