കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ല ഒരു മാസക്കാലമായി നടത്തി വരുന്ന എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണ പരിപാടികൾ സമാപിച്ചു. വികസിത രാജ്യങ്ങൾ വയോജന ക്ഷേമത്തിനു വൻതുക മാറ്റിവെക്കുകയും, മാറ്റിവെച്ച തുക അതിനായ് ചെലവിടുകയും ചെയ്യുമ്പോൾ നമ്മുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വയോജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾ സംരക്ഷിക്കാൻ വിമുഖത കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സെക്രട്ടറി സി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ രാധാകൃഷ്ണൻ.
ഭട്ടതിരിപ്പാട് അനുസ്മരണ മാസാചരണത്തിന്റെ സമാപന സമ്മേളനം പാതിരിപ്പററയിലെ (കുന്നുമ്മൽ പഞ്ചായത്ത്) ചീക്കോന്ന് എൽ.പി. സ്കൂളിൽ നടന്നു. പാതിരിപ്പററ യൂണിറ്റ് പ്രസിഡന്റ് ശ്രീ രാഘവൻ അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന മുൻ സെക്രട്ടറി പൂതേരി ദാമോദരൻ നായർ, ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ.കെ. ഗോവിന്ദൻ കുട്ടി മാസ്റ്റർ, ഇ.സി.ബാലൻ, മുതിർന്ന സംഘടനാ അംഗം ഡൽഹി കേളപ്പൻ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ച വെച്ച അബു മാസ്റ്ററെ യോഗത്തിൽ അനുമോദിച്ചു.