ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് കാനന പാതയിൽ നിയന്ത്രണം ഏർപ്പെടുത്തി. ശബരിമലയിൽ അതിശക്തമായ മഴ തുടരുന്നതിനാൽ മുക്കുഴി കാനനപാത വഴിയും സത്രം, പുല്ലുമേട് വഴിയുമുള്ള ശബരിമലയിലേക്കുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചു. കാലാവസ്ഥ അനുകൂലമാകുന്നത് വരെ തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. കരിമല വഴിയുള്ള കാനന പാതയിൽ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിൽ വനപാലകർ തീർഥാടകരെ തടഞ്ഞ് മടക്കി അയയ്ക്കുകയാണ്. എരുമേലി പേട്ട തുള്ളിയാണ് തീർഥാടകർ കരിമല വഴിയുള്ള കാനനപാതയിലൂടെ യാത്ര ചെയ്യുന്നത്. കാളകെട്ടി വഴി അഴുതയിൽ കാൽനടയായി എത്തിയ തീർഥാടകരെ വാഹനത്തിൽ കണമല, നിലയ്ക്കൽ വഴി പമ്പയിലേക്ക് പോകാൻ നിർദേശം നൽകി മടക്കുകയാണ്.
എരുമേലിയിൽനിന്നു പരമ്പരാഗത പാതയിലൂടെ പമ്പയിൽ എത്താൻ 35 കിലോമീറ്റർ ദൂരമുണ്ട്. അഴുതക്കടവിലാണ് പെരിയാർ കടുവ സങ്കേതത്തിലേക്ക് തീർഥാടകർ പ്രവേശിക്കുന്നത്. അഴുതക്കടവ് മുതൽ പമ്പ വരെ 18 കിലോമീറ്ററാണ് ദൂരം. കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ്. മഴ മൂലം മണ്ണിടിച്ചിൽ സാധ്യതയും ഏറെയാണ്. കഴിഞ്ഞ ദിവസം പുല്ലുമേട് പാതയിലൂടെ എത്തിയ 12 പേർ മഴ കാരണം വഴിയിൽ കുടുങ്ങിയിരുന്നു. പാതയിൽ തെന്നി വീണ് ഇക്കൂട്ടത്തിലുള്ള പലർക്കും പരുക്കേറ്റു. ഇതിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് കാനനപാതയിലൂടെയുള്ള കാൽനട യാത്രയ്ക്ക് നിയന്ത്രണം ആവശ്യപ്പെട്ടിരുന്നു.