അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 61 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ആർഇസി മലയമ്മ-കൂടത്തായി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി മുഖേന അനുവദിച്ച 18,445 കോടി രൂപ ഉപയോഗപ്പെടുത്തി 223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ മേൽപ്പാലങ്ങൾ, 15 ഫ്ലൈ ഓവറുകൾ, ഒരു അടിപ്പാത എന്നിവ നിർമ്മിച്ചിട്ടുണ്ട്. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 5,580 കോടി രൂപയും മലയോര പാത, തീരദേശ പാത എന്നിവക്കുള്ള തുകയും കിഫ്ബിയാണ് അനുവദിച്ചിട്ടുള്ളത്. കേരളം പശ്ചാത്തല സൗകര്യ വികസന മേഖലയിൽ ഉണ്ടാക്കിയ കുതിച്ചുചാട്ടത്തിന്റെ ചാലകശക്തിയാണ് കിഫ്ബിയെന്നും മന്ത്രി പറഞ്ഞു.
പി ടി എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. എം കെ മുനീർ എംഎൽഎ മുഖ്യാതിഥിയായി.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മുംതാസ് ഹമീദ്, പി ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി ടി അബ്ദുറഹ്മാൻ, സബിത സുരേഷ്, സതീദേവി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അജയൻ മാസ്റ്റർ, ചൂലൂർ നാരായണൻ, ടി കെ വേലായുധൻ, എൻ പി ഹംസ മാസ്റ്റർ, കെ ഭരതൻ മാസ്റ്റർ, അബ്ദുള്ള മാതോലത്ത്, പി മധുസൂദനൻ മാസ്റ്റർ, കെ അബ്ദുറഹിമാൻ ഹാജി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ബി ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. കെആർഎഫ്ബി ടീം ലീഡർ എസ് ദീപു സ്വാഗതവും അസി. എക്സി. എൻജിനീയർ ജെ ഷാനു നന്ദിയും പറഞ്ഞു.