കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനത്തിൻ്റെ ജില്ലാതല ഉദ്‌ഘാടനം അത്തോളി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിക്കുകയുണ്ടായി.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസം, ഐ.സി.ഡി.എസ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജില്ലയിൽ, 1 മുതൽ 19 വയസ്സ് വരെയുള്ള 7,30,000 കുട്ടികളെയാണ് ലക്ഷ്യം വെച്ചത്. ദേശീയ വിരവിമുക്ത ദിനത്തിൽ അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് വിരനശീകരണ ഗുളികയായ ആൽബന്റസോൾ വിതരണം ചെയ്തു.
വിരബാധ മൂലം കുട്ടികളിൽ പോഷകാഹാരക്കുറവ് വിളർച്ച, ഉത്സാഹക്കുറവ്, തളർച്ച, പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധയില്ലായ്മ എന്നിവയുണ്ടാകും. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിര നശീകരണ ഗുളിക കഴിക്കുന്നതും, പോഷകാഹാരങ്ങൾ ശീലമാക്കുന്നതും ഉപകരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി കെ റിജേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സരിത എ എം, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. സച്ചിൻ ബാബു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, അത്തോളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മാധവശര്‍മ ബിനോയ് ബി എന്നിവർ സംസാരിച്ചു.
ഉദ്ഘാടന ദിനത്തോടനുബന്ധിച്ച് വിളംബര റാലിയും, ഫ്ലാഷ് മോബും അവതരിപ്പിച്ചു. നവംബർ 26-ന് ഗുളിക കഴിക്കാൻ സാധിക്കാതെ വന്നവർക്ക് മോപ് അപ്പ് ദിനമായ ഡിസംബർ 3 നു ഗുളിക കഴിക്കാം.