സന്നിധാനത്ത് തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ തടയാൻ അഗ്നി രക്ഷാസേന (ഫയർ ആൻഡ് റെസ്ക്യൂ സർവീസ്) പൂർണ്ണ സജ്ജം. മരക്കൂട്ടം മുതൽ സന്നിധാനം വരെ ഒമ്പത് പോയിന്റു കളിലായാണ് ഫയർഫോഴ്സിന്റെ പ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്. തീർത്ഥാടനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സന്നിധാനത്ത് വിശദമായ ഫയർ ഓഡിറ്റിംഗ് നടത്തിയിരുന്നുവെന്ന് സന്നിധാനത്തെ ഫയർഫോഴ്സിന്റെ ചുമതല വഹിക്കുന്ന ഫയർ ഓഫീസർ സൂരജ് എസ് പറഞ്ഞു. തീ പിടിക്കാനും അപകടങ്ങൾ ഉണ്ടാകാനുമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചു. ഹോട്ടലുകളിലും മറ്റും പരിശോധന നടത്തി. ഹോട്ടലുകളിലെയും കച്ചവടസ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തീ പിടിക്കാനുള്ള സാധ്യതകളും തീപിടുത്തമുണ്ടായാൽ തടയുന്നതിനുള്ള മാർഗങ്ങളും സംബന്ധിച്ച് ബോധവൽക്കരണം നൽകി. അപ്പം, അരവണ പ്ലാന്റിലും സന്നിധാനത്ത് വെടിവഴിപാട് നടത്തുന്ന രണ്ട് വെടിത്തറകളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. വെടിമരുന്ന് സംഭരിച്ചു വെക്കുന്ന വനമേഖലയിലെ സ്ഥലത്തും സുരക്ഷാ പരിശോധനകൾ നടത്തി. സ്ട്രക്ച്ചറുകൾ, പ്രാഥമിക ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ, കട്ടിയുള്ള കോൺക്രീറ്റ് തൂണുകളും മറ്റും മുറിച്ചുമാറ്റുന്നതിനുള്ള സംവിധാനം, ശക്തിയേറിയ ലൈറ്റുകൾ, കയർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള റോപ്പ് റെസ്ക്യൂ കിറ്റ്, വയർലെസ് സംവിധാനം, ഭസ്മ കുളത്തിന് സമീപം ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
തീർത്ഥാടന പാതയിൽ മരം വീണ് തടസ്സം ഉണ്ടാകുമ്പോൾ നീക്കം ചെയ്യുക, സന്നിധാനത്ത് ആഴിയിലെ തീ നിയന്ത്രിക്കുക, അയ്യപ്പഭക്തന്മാർക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടന്നുവരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് പുറമേ ശുചീകരണ പ്രവർത്തനങ്ങളിലും ഫയർഫോഴ്സ് സഹായങ്ങൾ ചെയ്യാറുണ്ട്. സന്നിധാനത്ത് പൊടി നീക്കം ചെയ്യുന്നതിന് ഫയർഫോഴ്സിന്റെ സംവിധാനം ഉപയോഗിച്ച് വെള്ളമടിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു. സിവിൽ ഡിഫൻസിലെ 15 അംഗങ്ങളും ഫയർഫോഴ്സിന്റെ സഹായത്തിനായി സന്നിധാനത്ത് ഉണ്ട്. ആവശ്യഘട്ടങ്ങളിൽ ഫയർഫോഴ്സിന്റെ കൺട്രോൾ റൂമിൽ ബന്ധപ്പെടാം. നമ്പർ 04735 202033