കൊയിലാണ്ടി: കടലോര മണ്ഡലമായ കൊയിലാണ്ടി ഉള്‍പ്പടെയുളള തീരമേഖലയുടെ സമഗ്ര വികസനത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ച മന്ത്രിയായിരുന്നു എം.ടി.പത്മ. തീരദേശ നിവാസികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്ന അവര്‍ ഊന്നല്‍ നല്‍കിയത്. 1987-91 കാലഘട്ടത്തില്‍ എം.എല്‍.എ.യായും തുടര്‍ന്ന് 1991 മുതല്‍ 96 വരെ മന്ത്രിയായും കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച അഡ്വ.എം.ടി.പത്മ തന്റെ മുന്‍ഗാമിയായ മണിമംഗലത്ത് കുട്ട്യാലി തുടക്കമിട്ട പല പദ്ധതികളും പൂര്‍ത്തീകരിച്ചതിന് പുറമെ ഒരുപാട് പുതിയ വികസന പദ്ധതികളും നടപ്പിലാക്കി. ഗ്രാമവികസന-ഫിഷറീസ്-റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി എന്ന നിലയില്‍ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അവര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.
ഏറ്റവും പിന്നാക്കവസ്ഥയില്‍ നില്‍ക്കുന്ന തീരദേശവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ എം.ടി.പത്മയ്ക്ക് മുഖ്യമന്ത്രി കെ.കരുണാകരന്‍ അറിഞ്ഞു കൊടുത്ത വകുപ്പാണ് ഫിഷറീസ് വകുപ്പെന്ന് പലരും പറയുമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് താമസിച്ചു പഠിക്കുന്നതിനായി കൊയിലാണ്ടിയില്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌ക്കൂള്‍ സ്ഥാപിച്ചത് പത്മ മന്ത്രിയായ കാലത്താണ്. മത്സ്യതൊഴിലാളികള്‍ക്ക് വഞ്ചികള്‍ അടുപ്പിക്കാന്‍ വേണ്ടി കൊയിലാണ്ടിയില്‍ ഫിഷ് ലാന്റിംഗ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയതും പത്മയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറിന് വേണ്ടിയുളള ചര്‍ച്ചകള്‍ സജീവമായതും ഇക്കാലത്താണ്. മത്സ്യത്തൊഴിലാളികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് അവരുടെ വറുതി കാലത്ത് സര്‍ക്കാര്‍ വിഹിതം കൂടി ചേര്‍ത്ത് തിരിച്ചു നല്‍കുന്ന മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി ഈ മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് ഏറെ അനുഗ്രഹമായി മാറി.
തിക്കോടി ആവിക്കല്‍ പാലം യാഥാര്‍ത്ഥ്യമായത്, കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം നടുവത്തൂരില്‍ സ്ഥാപിച്ചത്, നടുവത്തൂരിലെ ഒറോക്കുന്ന് മലയില്‍ പോലീസ് റൂറല്‍ എ.ആര്‍. ക്യാമ്പിന് സ്ഥലം അനുവദിച്ച് പ്രവര്‍ത്തനമാരംഭിച്ചത്, നെല്യാടിക്കടവ് പാലത്തിന് ഭരണാനുമതി ലഭിച്ചത് തുടങ്ങി ഒട്ടേറെ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ അവര്‍ മന്ത്രിയായിരുന്ന കാലയളവില്‍ സാധിച്ചതായി എം.ടി.പത്മയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
രാജീവ് ദശലക്ഷം ഭവന പദ്ധതി പ്രകാരം നടുവത്തൂരിലെ ഒറോക്കുന്നിലുള്‍പ്പെടെ ഒരുപാട് ഭവന രഹിതര്‍ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും മന്ത്രിയായിരുന്നപ്പോള്‍ എം.ടി.പത്മയ്ക്ക് സാധിച്ചു. ഇവര്‍ മന്ത്രിയായിരുന്ന കാലത്താണ് കൊയിലാണ്ടി പഞ്ചായത്ത് നഗരസഭയായി മാറിയത്. കീഴരിയൂര്‍, തുറയൂര്‍, മൂടാടി , തിക്കോടി, പയ്യോളി, കൊയിലാണ്ടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ് എന്നീ തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരുന്ന കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ വികസനക്കുതിപ്പിന് നേതൃത്വം നല്‍കാന്‍ അവര്‍ക്കായി.
ഗ്രാമവികസന മന്ത്രിയെന്ന നിലയില്‍ വിവിധ പഞ്ചായത്തുകളെ സ്വയം പര്യാപ്ത ഗ്രാമങ്ങളാക്കി മാറ്റാനും അവര്‍ ശ്രമിച്ചു. ഇതിനായി പഞ്ചായത്തുകളെ ദത്തെടുത്തു. മുഖ്യമന്ത്രി കെ.കരുണാകരന്റെ എല്ലാവിധ പിന്തുണയും എം.ടി.പത്മയ്ക്ക് ലഭിച്ചിരുന്നതായി ഡി.സി.സി ജനറല്‍ സെക്രട്ടറി വി.പി.ഭാസ്‌ക്കരന്‍ പറഞ്ഞു. മൂടാടി, തിക്കോടി തുടങ്ങിയ ഗ്രാമങ്ങളെ സ്വായം പര്യാപത് ഗ്രാമങ്ങളാക്കി മാറ്റാന്‍ ശ്രമിച്ചു. കൂരകളില്‍ അന്തിയുറങ്ങുന്ന തീരദേശവാസികള്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ത്യമാക്കാനും അവര്‍ എറെ ശ്രമിച്ചു. കടലോര മേഖലയിലെ കുടിവെളള പ്രശ്‌നത്തിന് പരിഹാരം കണ്ടു. കടലാക്രമണം തടയാന്‍ കടല്‍ഭിത്തി വലിയതോതില്‍ നിര്‍മ്മിച്ചതും ഇവര്‍ മന്ത്രിയായപ്പോഴാണ്. ഇതിനായി കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി.