കൊയിലാണ്ടി: നടേരി എളയടത്ത് താഴെ കുനിയില്‍ ഗിരീഷിന്റെ മരണം മൂലം പ്രയാസമനുഭവിക്കുന്ന കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചു. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും കൈയയച്ച് സഹായിച്ച ഗിരീഷിന്റെ അകാലത്തിലുളള വേര്‍പാട് കുടുംബത്തിന് തീരാനഷ്ടമാണ്. വീട് നിര്‍മ്മാണത്തിനായി കേരള ബാങ്കില്‍ നിന്ന് വായ്പയെടുത്ത അഞ്ച് ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്. ഇത് കൂടാതെ മൂന്നു ലക്ഷം രൂപയുടെ മറ്റ് സാമ്പത്തിക ബാധ്യതകളും ഉണ്ട്. നിത്യരോഗിയായ മകന് ആഴ്ചയില്‍ രണ്ടു തവണ ഫിസിയോതെറാപ്പി ചികിത്സയ്ക്കും മരുന്നിനുമായി മാസത്തില്‍ 7500 രൂപ വേണ്ടിവരുന്നുണ്ട്. 80 വയസ്സു കഴിഞ്ഞ അമ്മയുടെയും ഭാര്യയുടെയും ഏക ആശ്രയമായിരുന്നു ഗിരീഷ്.
ഗുജറാത്തില്‍ ടയര്‍ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുത്ത് കുടുംബത്തെ പുലര്‍ത്തുകയായിരുന്നു ഗിരീഷ്. ഗിരീഷിന്റെ കുടുംബത്തെ സംരക്ഷിക്കാനാണ് വിവിധ രാഷ്ട്രീയ പ്രതിനിധികളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എളയടത്ത് താഴെ കുനിയില്‍ ഗിരീഷ് കുടുംബ സഹായ കമ്മിറ്റി രൂപവല്‍ക്കരിച്ചത്. ഭാരവാഹികളായി ശ്രീധരന്‍ നായര്‍ പുഷ്പശ്രീ (ചെയര്‍മാന്‍), സജിത്ത്, എന്‍.ശ്രീബിഷ്, രാജന്‍ പഴങ്കാവില്‍, ഇ.എം.ഷൈജു (വൈസ് ചെയര്‍മാന്‍) നഗരസഭ കൗണ്‍സിലര്‍ ആര്‍.കെ കുമാരന്‍ (കണ്‍വീനര്‍), സി.പി.ശിവരാമന്‍, പി.എം.മനോജ്, വി.ബാലകൃഷ്ണന്‍, രവി കൊല്ലോറക്കല്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), ആര്‍.കെ.അനീഷ് (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായങ്ങള്‍ ഇന്ത്യന്‍ ബാങ്ക് കൊയിലാണ്ടി ശാഖയിലെ 7902309785 എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണം. ഐ.എഫ്.എസ്.സി കോഡ്, IFSC IDIB000K213