ദേശീയപാതയിൽ ‘ടേക്ക് എ ബ്രേക്ക്’ മാതൃകയിൽ കെ.എസ്.ഇ.ബി ഹൈടെക് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നു . ദീർഘദൂര യാത്രക്കാരെക്കൂടി ലക്ഷ്യമിട്ട് 1000 ചതുരശ്രഅടി സ്ഥലത്ത് സ്ഥാപിക്കുന്ന കേന്ദ്രങ്ങളിൽ അതിവേഗ ചാർജിംഗ് സംവിധാനം കൂടാതെ വിശ്രമിക്കാനുള്ള സൗകര്യം, കോഫി ഷോപ്പ്, വാഷ്റൂം, റെസ്റ്റോറന്റ്- ബേക്കറി, മൊബൈൽ ചാർജിംഗ്, വൈ ഫൈ, ഇന്റർനെറ്റ് എന്നീ സൗകര്യമടക്കമുണ്ടാകും.
കെ.എസ്.ഇ.ബി സ്വന്തമായും ഫ്രാഞ്ചൈസി മുഖേനയുമാകും നടപ്പാക്കുക. ഫ്രാഞ്ചൈസിക്ക് താത്പര്യമുള്ളവർക്ക് അനർട്ട് മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കും. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല വൈദ്യുതി വിതരണ കമ്പനി ഇത്തരമൊരു സംവിധാനം തുടങ്ങുന്നത്.
2030ഓടെ സംസ്ഥാനത്ത് ഇ- വാഹനങ്ങളുടെ എണ്ണം 15 ലക്ഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. കിലോമീറ്ററിന് 1.5 കിലോവാട്ട് വൈദ്യുതിയാണ് ഇ-വാഹനങ്ങൾക്ക് ശരാശരി വേണ്ടത്. അങ്ങനെയെങ്കിൽ വർഷത്തിൽ 270 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിക്കേണ്ടിവരും. അതുകൂടി മുന്നിൽകണ്ടാണ് ഹൈടെക് കേന്ദ്രങ്ങൾ കൂടി തുടങ്ങാൻ കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നത്.