നിലവിലെ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കെ- റെയിൽ (സിൽവർ ലൈൻ) പദ്ധതിയില്‍ തുടര്‍നടപടികള്‍ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇക്കാര്യം ഡല്‍ഹിയിൽ നടന്ന ചര്‍ച്ചയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. തൃശൂർ റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണ പദ്ധതികൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020 ജൂണിലാണ് സംസ്ഥാന സര്‍ക്കാര്‍ കെ റെയ്ലിന്റെ ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് പാതയ്ക്ക് വേണ്ട സ്ഥലം ഏറ്റെടുക്കാന്‍ സര്‍വെ കല്ല് ഇടുന്ന നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഇതിനെതിരേ സംസ്ഥാനത്തുടനീളം അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്നോക്കം പോയി.
സാങ്കേതിക- പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി പരിഗണിക്കാമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പുതിയ നിലപാട് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി മാറിയിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.
ആലുവ, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളിലെ യാത്രക്കാരുടെ സൗകര്യങ്ങളും സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു. കേരളത്തിലെ റെയിൽ വികസന പദ്ധതികളുടെ വിശദമായ വിലയിരുത്തൽ നടത്തി.
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ വി. മുരളീധരൻ, ബിജെപി ദേശീയസമിതി അംഗവും റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാനുമായ പി.കെ. കൃഷ്ണദാസ്, ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, ജനറൽ സെക്രട്ടറി കെ.ആർ. ഹരി എന്നിവരും ഒപ്പമുണ്ടായിരുന്നു.