ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി. 24 സ്ഥലങ്ങളിലെ ഭക്ഷണശാലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് പട്ടിക. ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ ഹോട്ടലുകളില്‍ നിര്‍ത്തുന്നു എന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ നീക്കം. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളാണ് യാത്രകാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി നിര്‍ത്തുക. ദേശീയ, സംസ്ഥാന, അന്തര്‍ സംസ്ഥാന പാതകളുടെയും എംസി റോഡിന്‍റെയും വശങ്ങളിലെ ഹോട്ടലുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്റ്ററാണ് ഭക്ഷണശാലകളുടെ പട്ടിക തയാറാക്കി ഉത്തരവിറക്കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചിരുന്നു. അതിനു ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്. അതത് ബസ് സ്റ്റാന്‍ഡുകളിലെ കാന്‍റീനുകള്‍ക്കു പുറമേ യാത്രാമധ്യേ നിര്‍ത്തേണ്ട ഹോട്ടലുകളുടെ പട്ടികയാണ് തയാറാക്കിയത്. രാവിലെ 07.30 മുതല്‍ 9.30 വരെ പ്രഭാത ഭക്ഷണത്തിനും 12.30 മുതല്‍ 2 മണി വരെ ഉച്ച ഭക്ഷണത്തിനും വൈകിട്ട് 4 മുതല്‍ 6 വരെ ചായ, ലഘു ഭക്ഷണത്തിനുമായി ബസ് നിർത്തണം. രാത്രി ഭക്ഷണം രാത്രി 8 മണി മുതല്‍ 11 വരെയാണ്.
കെഎസ്ആർടിസി ഫുഡ് സ്പോട്ടുകൾ
- ലേ അറേബ്യ- കുറ്റിവട്ടം. ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ
- പണ്ടോറ – വവ്വാക്കാവ്- ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ
- ആദിത്യ ഹോട്ടൽ- നങ്ങ്യാർകുളങ്ങര ദേശീയ പാത. ഹരിപ്പാടിനും കായംകുളത്തിനും ഇടയിൽ
- ആവീസ് പുട്ട് ഹൌസ്- പുന്നപ്ര. ദേശീയ പാത ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിൽ
- റോയൽ 66- കരുവാറ്റ ദേശീയ പാത ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിൽ
- ഇസ്താംബുൾ- തിരുവമ്പാടി, ദേശീയ പാത. ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിൽ
- ആർ ആർ റെസ്റ്ററന്‍റ്– മതിലകം. ദേശീയ പാത എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ
- റോയൽ സിറ്റി- മാനൂർ. ദേശീയ പാത. എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിൽ
- ഖൈമ റെസ്റ്ററന്‍റ്- തലപ്പാറ. ദേശീയ പാത തിരൂരങ്ങാടിക്കും രാമനാട്ടുകരയ്ക്കും ഇടയിൽ
- ഏകം- നാട്ടുകാൽ. സംസ്ഥാന പാത. പാലക്കാടിനും മണ്ണാർക്കാടിനും ഇടയിൽ
- ലേസഫയർ- ദേശീയ പാത.സുൽത്താൻബത്തേരിക്കും മാനന്തവാടിക്കും ഇടയിൽ
- ക്ലാസിയോ – താന്നിപ്പുഴ. എം സി റോഡ്. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയിൽ
- കേരള ഫുഡ് കോർട്ട്- കാലടി, എം സി റോഡ്. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയിൽ
- പുലരി റെസ്റ്ററന്‍റ്- എം സി റോഡ്. കൂത്താട്ടുകുളത്തിനും കോട്ടയത്തിനും ഇടയിൽ
- ശ്രീ ആനന്ദ ഭവൻ- എം സി റോഡ്. കോട്ടയം. കുമാരനല്ലൂരിനും എസ് എച്ച് മൗണ്ടിനും ഇടയിൽ
- അമ്മ വീട്- വയക്കൽ,എം സി റോഡ്. ആയൂരിനും വാളകത്തിനും ഇടയിൽ
- ശരവണഭവൻ പേരാമ്പ്ര, ദേശീയ പാത.ചാലക്കുടിക്കും അങ്കമാലിക്കും ഇടയിൽ
- ആനന്ദ് ഭവൻ- പാലപ്പുഴ. എം സി റോഡ്. മൂവാറ്റുപുഴയ്ക്കും കൂത്താട്ടുകുളത്തിനും ഇടയിൽ
- ഹോട്ടൽ പൂർണപ്രകാശ്-എം സി റോഡ്. ഏനാത്തിനും കൊട്ടാരക്കരയ്ക്കും ഇടയിൽ
- മലബാർ വൈറ്റ് ഹൌസ്- ഇരട്ടക്കുളം.സംസ്ഥാന പാത തൃശൂരിനും ആലത്തൂരിനും ഇടയിൽ
- കെടിഡിസി ആഹാർ-ദേശീയ പാത. ഓച്ചിറയ്ക്കും കായംകുളത്തിനും ഇടയിൽ
- എ ടി ഹോട്ടൽ- സംസ്ഥാന പാത.കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിൽ
- ലഞ്ചിയൻ ഹോട്ടൽ, അടിവാരം. കോഴിക്കോടിനും മാനന്തവാടിക്കും ഇടയിൽ.
- ഹോട്ടൽ നടുവത്ത്, മേപ്പാടി,കോഴിക്കോടിനും മാനന്തവാടിക്കും ഇടയിൽ