കൽപ്പത്തൂർ : നാട്ടുകൂട്ടം കാട്ടുമഠം ഭാഗം അണിയിച്ചൊരുക്കിയ കട്ടൻ ചായയും റസ്കും അന്തിപ്പാട്ടുമെന്ന പരിപാടി ഓർമകളിലേക്കുള്ള തിരിച്ചിറക്കമായി ശ്രദ്ധേയമായി. പഴയ ചായപ്പീടികയുടെ പശ്ചാത്തലത്തിൽ പാനീസും ഓലച്ചൂട്ടും വെളിച്ചം പരത്തിയ രാത്രിയിൽ ഗതകാലസ്മരണകളുടെ നിറങ്ങൾ ആളുകൾ ഹൃദയാരവത്തോടെ സ്വീകരിച്ചു. പി.ഭാസ്കരനും വയലാറും ഒ എൻ വിയും ബാബുരാജും ദേവരാജനുമൊക്കെ ഹൃദയം കൊണ്ട് മലയാളിക്ക് സമ്മാനിച്ച ഗാനങ്ങളും വടക്കൻപാട്ടും ഒപ്പനപ്പാട്ടുമൊക്കെ പരിപാടിക്ക് ലയ സൗകുമാര്യമൊരുക്കി. കൂട്ടത്തിൽ കട്ടൻചായയും തേങ്ങാപ്പൂളും റസ്കും , വെല്ലവും, കടലമണികളും വെവ്വേറെ രുചികൾ വിളമ്പി സദസ്യർക്ക്.
തികച്ചും ഗ്രാമീണ വേദിയിൽ അണിയിച്ചൊരുക്കിയ രാവരങ്ങിൽ പ്രദേശത്തെ ഒട്ടേറെ കലാകാരൻമാർ ഗാനവിരുന്നൊരുക്കി ശ്രദ്ധേയരായി. ഗംഗാധരൻ കാട്ടുമഠത്തിൽ സ്വാഗതം ആശംസിച്ചു. പ്രശസ്ത ഗായകൻ ചൂട്ട് മോഹനൻ മുഖ്യാതിഥിയായി. ശ്രീജിഷ് ചെമ്മരൻ ഉദ്ഘാടനം ചെയ്തു. ശ്രീലേഷ് കൊളക്കണ്ടി അധ്യക്ഷത വഹിച്ചു. നിമേഷ് ചെറുവമ്പത്ത് ഗാന നാന്ദിയൊരുക്കി. ആശംസകളർപ്പിച്ചു കൊണ്ട് അനീഷ് അടിയോടിക്കണ്ടി, നമ്പിയത്ത് ദാമോദരൻ നായർ, ശ്രീലേഷ് വടക്കുമ്പാട്,ലക്ഷ്മിക്കുട്ടി, നന്ദിനി, രാജൻ നമ്പിയത്ത്, മനോഹരമാരാർ മാരാത്ത്, ടി. സുകുമാരൻ, ധനേഷ്,ജിഷ്ണു എന്നിവർ സംസാരിച്ചു.